തിരുവനന്തപുരം: പേട്ട- കണ്ണമ്മൂല റോഡിലെ സ്വീവേജ് പൈപ്പ് ലൈൻ മാറ്റുന്ന ജോലികൾ ഇന്നുമുതൽ ആരംഭിക്കും. കാലപ്പഴക്കം മൂലം പൈപ്പ് പൊട്ടിയിരുന്നു. ഇത് മാറ്റി സ്ഥാപിക്കുന്ന ജോലികളാണ് നടത്തുന്നത്. 60 മീറ്റർ നീളത്തിലാണ് പൈപ്പ് സ്ഥാപിക്കുന്നത്. നേരത്തെ ഇവിടെ പൈപ്പ് പൊട്ടിയപ്പോൾ അഞ്ച് ദിവസമെടുത്താണ് പൈപ്പ് മാറ്റിയത്. ഇപ്പോഴത്തെ ജോലികൾ മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്. സ്വീവേജ് വിഭാഗത്തിന്റെ കീഴിലാണ് ജോലികൾ ചെയ്യുന്നത്. നിർമ്മാണത്തിന് വേണ്ടിയുള്ള പൈപ്പും എത്തിച്ചിട്ടുണ്ട്. ഗതാഗതത്തിരക്കുള്ള റോഡായതിനാൽ വേഗത്തിൽ പണി പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. വലിയ പൈപ്പ് മാറ്റുന്നതിനായി ഇന്നുമുതൽ റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴ് മുതലാണ് നിയന്ത്രണം.

പോകേണ്ടത് ഇങ്ങനെ

പേട്ടയിൽ നിന്ന് പള്ളിമുക്ക് കണ്ണമ്മൂല വഴി പോകേണ്ട കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ പാറ്റൂർ ജനറൽ ഹോസ്പിറ്റൽ പാളയം വഴി പോകണം.
കിഴക്കേകോട്ടയിൽ നിന്ന് പള്ളിമുക്ക്, കണ്ണമൂല വഴി പോകേണ്ട കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ പാളയം, പട്ടം വഴി പോകണം.
പള്ളിമുക്ക്, കണ്ണമ്മൂല വഴി പോകേണ്ട ചെറിയ വാഹനങ്ങൾ പേട്ട, നാലുമുക്ക് കണ്ണമ്മൂല വൺവേ റോഡ് ടു വേ ആയി ഉപയോഗിക്കണം. സഹായങ്ങൾക്ക്: 0471 2558731, 9497990005.