തിരുവനന്തപുരം: അയയ്ക്കാത്ത പാർസലിന്റെ പേരിലുള്ള ഓൺലൈൻ തട്ടിപ്പുകളിൽ തലസ്ഥാനത്ത് വർദ്ധന. ഒരു മാസത്തിനിടെ പത്തോളം കേസുകളാണ് തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്തത്. ഡോക്ടർമാരും എൻജിനിയർമാരും ഉൾപ്പെടെ ഇരകളാകുന്നു.
ഓർഡർ ചെയ്യാത്ത പാർസൽ വീട്ടിലെത്തിച്ചുള്ള തട്ടിപ്പിനെപ്പറ്റി കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം,സിം,വ്യാജ ആധാർ,മയക്കുമരുന്ന് എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാൾ അറിയിക്കുക.
പാഴ്സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും വിവരങ്ങൾ അറിയിക്കാൻ ഫോൺ സൈബർ പൊലീസിലെ മുതിർന്ന ഓഫീസർക്ക് കൈമാറുന്നുവെന്നും പറയും. അന്യസംസ്ഥാന ലോബിയാണ് ഇതിന് പിന്നിൽ. വഞ്ചിയൂർ സ്വദേശിയായ ഡോക്ടറിന് ഈ രീതിയിൽ നഷ്ടമായത് 1 കോടി 61 ലക്ഷമാണ്. തായ്‌വാനിലേക്ക് അയച്ച പാഴ്സലിനുള്ളിൽ ലഹരി കണ്ടെത്തിയെന്നറിയിച്ച് ഇക്കഴിഞ്ഞ 6ന് കൊറിയർ സർവീസ് ജീവനക്കാരൻ എന്ന വ്യാജേന വിളിച്ചു.
തുടർന്ന് സൈബർ പൊലീസെന്ന പേരിൽ ഒരാൾ ഫോൺ ചെയ്തു. അക്കൗണ്ടിലുള്ള പണം മുഴുവൻ എത്രയും വേഗം ട്രാൻസ്ഫർ ചെയ്യണമെന്നും നിയമവിധേയമാണെങ്കിൽ തിരിച്ചയയ്ക്കാമെന്നും പറഞ്ഞതോടെ ഡോക്ടർ പണം അയയ്ക്കുകയായിരുന്നു. കുറ്റവാളികൾ പണം കൈമാറ്റം ചെയ്ത രണ്ട് അക്കൗണ്ടുകൾ ഇതുവരെ മരവിപ്പിച്ചു. പേട്ട പൊലീസാണ് കേസ് അന്വേഷിക്കുന്നത്. വിദേശത്ത് നിന്ന് വന്ന കോടികൾ വിലമതിപ്പുള്ള സമ്മാനങ്ങളടങ്ങിയ പാർസൽ കസ്റ്റംസ് ക്ലിയറൻസിനായി വിമാനത്താവളത്തിൽ കിടക്കുകയാണെന്നും നൂലാമാലകൾ ഒഴിവാക്കാൻ പണം നൽകണമെന്നും പറഞ്ഞ് പൂജപ്പുര സ്വദേശിയിൽ നിന്ന് 24 ലക്ഷമാണ് കവർന്നത്. പരാതിപ്പെടാൻ വൈകരുതെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ഡെപ്യൂട്ടി കമ്മിഷണർ ഒഫ് പൊലീസ് നിതിൻ രാജ് പറഞ്ഞു. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഒട്ടും പരിഭ്രാന്തരാകാതിരിക്കുക. അയച്ചുതരുന്ന അക്കൗണ്ട് നമ്പറിലേക്ക് ഒരു കാരണവശാലും പണം കൈമാറരുതെന്നും സൈബർ പൊലീസ് അറിയിച്ചു.
സൈബർ ഹെല്പ് നമ്പർ 1930