തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ സർജന്റ് മർദ്ദിച്ച സംഭവത്തിൽ ചീഫ് സെക്യൂരിറ്റി ഓഫീസർക്കും എയ്ഡ് പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥനും ഗുരുതര വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ കണ്ടെത്തലുകളുള്ളത്. ചീഫ് സെക്യൂരിറ്റി ഓഫീസറും എയ്ഡ് പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥനും സ്ഥലത്തുണ്ടായിട്ടും തടയാൻ ശ്രമിച്ചില്ല. ഇവരുടെ മൗനാനുവാദത്തോടെയാണ് രോഗിയായ ശ്രീകുമാറിനെ മർദ്ദിച്ചെതെന്ന് വേണം കരുതാൻ. ഇവരുടെ അക്രമം ഒഴിവാക്കാൻ ശ്രമിച്ചില്ലെന്ന് ചില സർജന്റുമാരും മൊഴി നൽകിയിട്ടുണ്ട്. പ്രശ്നം ഒഴിവാക്കാൻ ബാദ്ധ്യതയുള്ള ചീഫ് സെക്യൂരിറ്റി ഓഫീസറുടെയും പൊലീസുകാരന്റെയും കൃത്യവിലോപനം പ്രശ്നം വഷളാക്കി.

റിപ്പോർട്ടിന്മേൽ കൂടുതൽ പേരിലേക്ക് നടപടി വരുമെന്നാണ് വിവരം. അതേസമയം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ നിന്ന് ഉന്നത ഇടപെടൽ വിഷയത്തിലുണ്ടായെന്നും വിവരമുണ്ട്. കഴിഞ്ഞദിവസം സർജന്റ് ജുറൈജിനെ സസ്‌പെൻഡ് ചെയ്തിലൂടെ നടപടി അവസാനിപ്പിക്കാൻ ശ്രമിച്ചതായും ആക്ഷേപമുണ്ട്. പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം ബഹളമുണ്ടാക്കിയാളെ ഒരു സുരക്ഷാ ജീവനക്കാരനും എയ്ഡ് പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥനും ചേർന്ന് തടഞ്ഞു വച്ചു. ഇയാൾ പ്രശ്നക്കാരനാണെങ്കിൽ പൊലീസിന് കൈമാറുകയാണ് വേണ്ടതെന്നും സുരക്ഷാ ജീവനക്കാരുടെ മുറിയിലേക്ക് കൊണ്ടുപോയത് തെറ്റാണെന്നും റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.

തമ്മിലടി രൂക്ഷം

കഴിഞ്ഞ ദിവസം സർജന്റ് ജുറൈജിനെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ സർജന്റുമാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ചേരിപോര് രൂക്ഷമായി. ഇയാളെ അനുകൂലിക്കുന്നവർ രംഗത്ത് എത്തി രൂക്ഷമായ പ്രതികരണങ്ങളാണ് നടത്തുന്നത്. വേണ്ടത്ര യോഗ്യതയില്ലാത്തവർ ചില ഉന്നത സ്ഥാനങ്ങളിൽ ഇരുപ്പുണ്ടെന്നും ഇത്തരക്കാരാണ് എല്ലാ പ്രശ്നങ്ങൾക്കും പിന്തുണ നൽകുന്നതെന്നും ഗ്രൂപ്പുകളിലെ പോസ്റ്റിലുണ്ട്.