
തിരുവനന്തപുരം: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് തലസ്ഥാനത്തും വിവിധ സ്ഥലങ്ങളിലും ബി.ജെ.പിയുടെ നേതൃത്വത്തിൽ ആഘോഷങ്ങൾ നടന്നു. വൈകിട്ടോടെ സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവനിൽ പ്രവർത്തകരും നേതാക്കളും എത്തിത്തുടങ്ങി. മാരാർജി ഭവന്റെ ഹാളിൽ കൂറ്റൻ എൽ.ഇ.ഡി സ്‌ക്രീനിൽ സത്യപ്രതിജ്ഞ തത്സമയം കാണുന്നതിനുള്ള സൗകര്യമൊരുക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞയ്ക്കായി രാഷ്ട്രപതി ഭവനിൽ എത്തിയതോടെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചുതുടങ്ങി. പ്രധാനമന്ത്രി സത്യപ്രതിജ്ഞാവാചകം വായിച്ചുതുടങ്ങിയതും മാരാർജി ഭവന്റെ മുന്നിൽ കതിനാവെടികൾ മുഴങ്ങി. മാലപ്പടക്കവും ഫാൻസി പടക്കങ്ങളും ആകാശത്ത് വർണവിസ്മയങ്ങൾ തീർത്തു. അതോടൊപ്പം ചെണ്ടമേളവും ആരംഭിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്.രാജീവിന്റെ നേതൃത്വത്തിൽ പ്രവർത്തകർ മധുരം വിതരണം ചെയ്തു. നേതാക്കളായ ജെ.ആർ.പത്മകുമാർ,വെങ്ങാനൂർ സതീഷ്,പി.രാഘവൻ,ആർ.പ്രദീപ്,കല്ലയം വിജയകുമാർ,ശ്രീവരാഹം വിജയൻ,പി.പത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.
സെക്രട്ടേറിയറ്റിന് മുന്നിൽ ബി.ജെ.പി സെൻട്രൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയ എൽ.ഇ.ഡി സ്‌ക്രീനിൽ സത്യപ്രതിജ്ഞ തത്സമയം പ്രദർശിപ്പിച്ചു.പാൽപ്പായസ വിതരണവും നടന്നു. നേതാക്കളായ അഡ്വ.വി.ജി.ഗിരികുമാർ,മണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണൻ,പാപ്പനംകോട് നന്ദു,നിശാന്ത് സുഗുണൻ,ശ്രീജ,പൂജ സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.എം.ആർ.ഗോപന്റെ നേതൃത്വത്തിൽ കാരയ്ക്കാമണ്ഡപത്ത് നടന്ന ആഘോഷപരിപാടികളിലും നിരവധി പ്രവർത്തകർ പങ്കെടുത്തു.