തിരുവനന്തപുരം: പട്ടി, പൂച്ച, പെരുച്ചാഴി, കുരങ്ങൻ തുടങ്ങിയ മൃഗങ്ങളിൽ നിന്ന് മുറിവോ മാന്തലോ ഏറ്റാൽ അവഗണിക്കരുതെന്നും പേവിഷബാധയ്ക്കെതിരെ ചികിത്സ തേടണമെന്നും ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. പരിക്കേറ്റ ഭാഗം ഒഴുകുന്ന വെള്ളത്തിൽ സോപ്പുപയോഗിച്ച് 20 മിനിറ്റ് നന്നായി കഴുകിയശേഷം ഉടനടി ചികിത്സ തേടണം. ഐ.ഡി.ആർ.വിക്കൊപ്പം മുറിവിന്റെ തീവ്രതയനുസരിച്ച്
ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവയ്പ് എടുക്കണം. ഐ.ഡി.ആർ.വി എല്ലാ സർക്കാർ ജനറൽ, ജില്ല, താലൂക്ക്, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. ഇമ്മ്യൂണോഗ്ലോബുലിൻ തിരുവനന്തപുരം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവിടങ്ങളിൽ ലഭ്യമാണ്.

ശ്രദ്ധിക്കേണ്ടവ

വളർത്തുമൃഗങ്ങളെ പരിചരിക്കുന്നവരും പെറ്റ് ഷോപ്പ് നടത്തുന്നവരും പേ വിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നിർബന്ധമായും എടുക്കണം.
മൃഗങ്ങളെ പരിപാലിച്ചു കഴിഞ്ഞാൽ കൈകാലുകൾ സോപ്പുപയോഗിച്ച് കഴുകണം.
മുറിവുകളിലോ കാലിലെ വിണ്ടുകീറലിലോ മൃഗങ്ങളുടെ ഉമിനീർ, മൂത്രം തുടങ്ങിയവ പറ്റാതിരിക്കാൻ ശ്രദ്ധിക്കണം.
വളർത്തു മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകുക.
കുട്ടികളെ മൃഗങ്ങളുമായി അടുത്തിടപഴകാൻ അനുവദിക്കരുത്.
അലഞ്ഞുതിരിഞ്ഞു നടക്കുന്ന പട്ടി, പൂച്ച തുടങ്ങിയവയുമായി അടുത്ത് ഇടപഴകാതിരിക്കുക. വീടുകളിൽ ഈ മൃഗങ്ങൾ വിശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആ സ്ഥലം കഴുകി വൃത്തിയാക്കുക.

പേ വിഷബാധയുള്ള മൃഗങ്ങളുടെ ലക്ഷണങ്ങൾ

വെള്ളം കുടിക്കാൻ ബുദ്ധിമുട്ട്, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, അമിതമായ ഉമിനീർ, ആക്രമണ സ്വഭാവം, സാങ്കല്പിക വസ്തുക്കളിൽ കടിക്കുക, പ്രതീക്ഷിക്കുന്നതിലും മെരുക്കമുള്ളതായി കാണപ്പെടുക, ചലിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ. വളർത്തുമൃഗങ്ങൾ അസ്വാഭാവികമായി പെരുമാറിയാൽ ജാഗ്രത പാലിക്കണം. ഇത്തരം ലക്ഷണങ്ങളോടെ ചത്താൽ, അടുത്തുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരേയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരേയും അറിയിക്കണമെന്നും ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.