1

വിഴിഞ്ഞം: ജന്മനായുള്ള കാഴ്ചപരിമിതി മറന്ന് സ്വന്തം പ്രയത്നത്താൽ കീബോർഡ് പഠിച്ച് വിസ്മയിപ്പിക്കുകയാണ് വെങ്ങാനൂർ സ്വദേശി വൈഗ (8)​. വെങ്ങാനൂർ വെണ്ണിയൂർ കൊടുമൂല മേലേനട വീട്ടിൽ പ്രവീണിന്റെയും രമ്യയുടെയും ഏക മകളാണ് ഈ കൊച്ചുമിടുക്കി. സംഗീതം പഠിച്ചിട്ടില്ല. പാടാനറിയില്ല. എന്നാൽ ഒരിക്കൽ ഒരു പാട്ടുകേട്ടാൽ മണിക്കൂറുകൾക്കകം കീബോർഡിൽ വായിക്കും. നാലാം വയസിലാണ് മാതാപിതാക്കൾ വൈഗയ്ക്ക് കളിക്കാനായി കീബോർഡ് നൽകിയത്. ദിവസങ്ങൾക്കുള്ളിൽ ദേശീയഗാനമായ ജനഗണമന സ്വന്തമായി പഠിച്ച് വായിച്ച് മാതാപിതാക്കളെ ഞെട്ടിച്ചു. അതിനുശേഷം മൊബൈലിൽ പാട്ടുകൾ കേൾപ്പിച്ചുകൊടുക്കാൻ തുടങ്ങി. മണിക്കൂറുകൾക്കകം ഗാനം മനഃപാഠമാക്കും. പാട്ടിന്റെ വരികൾ ചോദിച്ചാൽ പറയാനറിയില്ല. വീട്ടിലാർക്കും സംഗീതവുമായി ബന്ധമില്ലെന്ന് മാതാവ് രമ്യ പറഞ്ഞു. നിരവധി വേദികളിലും വൈഗയ്ക്ക് അവസരങ്ങൾ ലഭിച്ചു.

വൈഗയുടെ കഴിവ് തിരിച്ചറിഞ്ഞ് അദ്ധ്യാപകനു കീഴിൽ പരിശീലനം ആരംഭിച്ചെങ്കിലും അധികനാൾ നീണ്ടില്ല. വീടിനടുത്തെ ഒരു സംഘടന സമ്മാനമായി കീബോർഡ് നൽകി. ശബ്ദനിയന്ത്രണം ഉൾപ്പെടെയുള്ള എല്ലാ സ്വിച്ചുകളും സ്വയം കണ്ടെത്തി നിയന്ത്രിക്കാനും പഠിച്ചു.


നെല്ലിവിള ഗവ. എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് വൈഗ. കാഴ്ചപരിമിതിയുള്ള അദ്ധ്യാപകന് കീഴിൽ ആഴ്ചയിൽ രണ്ടു ദിവസം ബ്രെയിൻ ലിപി പഠിക്കുന്നുണ്ട്. മറ്റ് ദിവസങ്ങളിൽ ക്ലാസിലെ കുട്ടികൾക്കൊപ്പമിരുന്ന് കേട്ടാണ് പഠനം.