photo

നെയ്യാറ്റിൻകര: വഴുതൂരിൽ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒരു കുടുംബത്തിലെ മൂന്നുപേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. വഴുതൂർ അറപ്പുരവിള വീട്ടിൽ മണിലാൽ (50), ഭാര്യ സ്മിത (45), മകൻ അഭിലാൽ (22) എന്നിവരെയാണ് വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി 11ഓടെ നെയ്യാറ്റിൻകര കൂട്ടപ്പനയിലാണ് സംഭവം. ആത്മഹത്യ ചെയ്യുകയാണെന്ന് സ്മിത വിളിച്ചുപറഞ്ഞതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് മൂന്നു പേരെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ശാന്തികവാടത്തിൽ സംസ്കരിച്ചു. എന്ത് വിഷമാണ് ഇവർ കഴിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയശേഷമേ അറിയാൻ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മണിലാലിന്റെ ഭാര്യ സ്മിത എഴുതിയതെന്ന് പറയപ്പെടുന്ന കുറിപ്പും ലഭിച്ചു.

കാരണം സാമ്പത്തിക പ്രതിസന്ധി

ആത്മഹത്യക്ക് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയും പണമിടപാടുകാരുടെ ഗുണ്ടായിസവുമാണെന്നാണ് സൂചന. തിരുവല്ലം സ്വദേശി മണിലാൽ പാറശാല എം.എൽ.എ സി.കെ.ഹരീന്ദ്രന്റെ ഡ്രൈവറായിട്ടാണ് നെയ്യാറ്റിൻകരയിൽ എത്തുന്നത്. ജോലി ലഭിച്ചതോടെ കൂട്ടപ്പന മഹാദേവ ക്ഷേത്രത്തിനു എതിർവശത്തുള്ള വാടക വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിനിടെ ഡ്രൈവിംഗ് ലൈസൻസിലെ പാകപ്പിഴ മൂലം ജോലിയിൽനിന്ന് പിരിയേണ്ടിവന്നു. കുറച്ചുകാലം മറ്റു ജോലികളൊന്നും ലഭിച്ചില്ല. തുടർന്ന് പാലക്കാട് ജോലി ഉണ്ടായിരുന്നെങ്കിലും അതും നഷ്ടപ്പെട്ടെന്നാണ് സൂചന. ഇതിനിടെ ഇവർ പലരിൽ നിന്നായി പണം വായ്പ വാങ്ങിയിരുന്നു. ഭാര്യയുടെയും മകന്റെയും തുച്ഛമായ വരുമാനത്തിലായിരുന്നു ഇവർ ജീവിച്ചിരുന്നത്. ഇയാളുടെ ഭാര്യ സ്മിത (മഞ്ജു ) നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നെങ്കിലും കടംകൊടുത്തവർ അവിടെയെത്തി ബഹളമുണ്ടാക്കിയതോടെ അത് നഷ്ടപ്പെട്ടു. മകൻ അഭിലാൽ പോളിടെക്നിക് കോഴ്സിന് ശേഷം സി.സി ടിവി ഇൻസ്റ്റാളിംഗും സർവീസും നടത്തിവരികയായിരുന്നു. സ്മിതയുടെ ജോലി കൂടി നഷ്ടമായതോടെയാണ് മൂവരും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.