
ഔദ്യോഗിക ജീവിതത്തിന്റെ തത്രപ്പാടുകൾക്കിടയിൽ താൻ മൂകസാക്ഷിയായ വേദനകളുടെയും ക്രൂരതകളുടെയും വിരലടയാളങ്ങളാണ് അജിത് നീലികുളത്തിന്റെ 'ലൂണ" എന്ന ചെറുകഥാ സമാഹാരത്തിൽ. ചെറുകഥകൾ എന്നതിനെക്കാൾ വളരെ ചെറിയ കഥകൾ എന്നു പറയുന്നതാവും ശരി. തീരെച്ചെറിയ കഥകളിലൂടെ അനാവൃതമാകുന്നത് തീവ്രാനുഭവങ്ങളുടെ മഹാപ്രപഞ്ചമാണെന്നു മാത്രം!
വർത്തമാനകാല സമൂഹത്തിന് നഷ്ടമായ താരള്യങ്ങളെക്കുറിച്ചുള്ള വിലാപസ്‌മരണകളാണ് ഈ കഥകളെന്നു പറയാം. കഥാകൃത്തിന്റെ ജീവിതവീക്ഷണത്തിന്റെ തെളിമയാർന്ന തെളിവുകളാണ് ഇവ. ലാൻഡ് റവന്യു വകുപ്പിൽ ദീർഘകാല സേവനത്തിനു ശേഷം ഡെപ്യൂട്ടി തഹസീൽദാരായി വിരമിച്ച അജിത് നീലികുളത്തിന് നേരനുഭവങ്ങൾക്ക് പഞ്ഞമില്ല. കേരളീയ ഗ്രാമജീവിതത്തിന്റെ പരിച്ഛേദമായി ഈ കഥകൾ മാറുന്നത് അതുകൊണ്ടാണ്. പോക്കുവരവ്, പ്രൊമോഷൻ, വരുമാന സർട്ടിഫിക്കറ്റ്, ബർത്ത് സർട്ടിഫിക്കറ്റ് തുടങ്ങിയ കഥകൾ ഉദ്യോഗത്തിനിടെ ഒപ്പിയെടുത്ത സാധാരണജീവിതത്തിന്റെ തുടിപ്പുകളാണ്.
ഒറ്റപ്പെടലിന്റെ തുരുത്തുകളിൽ ജീവിക്കുന്നവരാണ് നമ്മുടെ നാട്ടിലെ മുതിർന്ന തലമുറ. വാർദ്ധക്യത്തിലെ ഏകാന്തതയിൽ കുളിർമഴയായി കൂട്ടിനെത്തിയ "ലൂണ" എന്ന പൂച്ചയെ കഥാന്ത്യത്തിൽ നഷ്ടപ്പെടുമ്പോഴുള്ള ഹൃദയവ്യഥ വായനക്കാരന്റെ മനസിനെ ഏറെനാൾ മഥിക്കും. പാരാസൈക്കോളജിയുടെ പിൻബലത്തോടെ വികസിക്കുന്ന കഥാതന്തു സൃഷ്ടിക്കുന്ന മായികലോകം പുതുമയാർന്ന അനുഭവമാണ്.
സംഘർഷത്തിന്റെ മുനമ്പുകളിലും ദാമ്പത്യത്തിന്റെ സമസ്യകൾ മധുരം കിനിയുന്നതാണെന്ന് 'പ്രണയത്തിന്റെ കടൽച്ചൊരുക്ക്"എന്ന കഥ മനസിലാക്കിത്തരുന്നു. ഭർത്താവ് മദ്യപാനം ഉപേക്ഷിക്കുന്നതോടെ ജീവിതത്തിന്റെ സുഭഗത ഇല്ലാതാകുമ്പോൾ, അയാൾക്ക് പണം നൽകി മദ്യപാനത്തിന് പ്രേരണ നൽകുന്ന ഭാര്യ നമുക്ക് അന്യയല്ല. ജീവിതത്തിന്റെ സ്വച്ഛന്ദമായ പ്രവാഹത്തിന് ചില തെറ്റുകൾ അനിവാര്യമാണെന്ന ബോദ്ധ്യപ്പെടുത്തൽ കൂടിയാണ് ഈ കഥ. ഒരു നേർത്ത നൊമ്പരമായി എൽസി നമ്മുടെ ഓർമ്മയിൽ ബാക്കിനിൽക്കുന്നു.
സ്കൂൾപ്രവേശനത്തിന് ജനനസർട്ടിഫിക്കറ്റ് ആവശ്യമില്ലാതിരുന്ന കാലത്ത് കുട്ടികളുടെ ജനനത്തീയതി നിശ്ചയിച്ചിരുന്നത് പ്രധാനാദ്ധ്യാപകരാണ്. അതുകൊണ്ടുതന്നെ ആ കാലഘട്ടത്തിൽ പഠിച്ചവരുടെയെല്ലാം ജനനം മേയ് മാസത്തിലായി! നർമ്മം മേമ്പൊടി ചേർത്ത് 'ബർത്ത് സർട്ടിഫിക്കറ്റി"ലൂടെ അജിത് ആ കഥ പറയുന്നു. ഋജുവായും ലളിതമായും കഥ പറയുന്ന അജിത് നീലികുളത്തിന്റെ ഗ്രാമീണശൈലിയുടെ വശ്യത ഓരോ കഥയ്ക്കുമുണ്ട്. ജീവിതത്തിന്റെ ദുരൂഹ സമസ്യകളിലേക്കുള്ള അന്വേഷണങ്ങളല്ല, കൊച്ചുകൊച്ചു സ്വപ്നങ്ങളിൽ അഭിരമിക്കുന്ന നിഷ്കളങ്ക മനസ്സുകളിലേക്കുള്ള പ്രയാണമാണ് അജിത് നീലികുളത്തിന്റെ കഥകൾ.