
ബോളിവുഡ് താരം സോനാക്ഷി സിൻഹക്ക് വിവാഹം. നടൻ സഹീർ ഇഖ് ബാൽ ആണ് വരൻ . ജൂൺ 23 ന് മുംബയ് യിൽ ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്. ബോളിവുഡ് മുൻ അഭിനേതാക്കളായ ശത്രുഘ്നൻ സിൻഹയുടെയും പൂനം സിൻഹയുടെയും മകളായ സോനാക്ഷിയും സഹീറും ഏറെക്കാലമായി അടുത്ത സൗഹൃദം പുലർത്തിയിരുന്നു. സമൂഹ മാദ്ധ്യമത്തിൽ പങ്കുവയ്ക്കുന്ന പോസ്റ്രറുകൾ ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ മാസം ആദ്യം, സോനാക്ഷിക്ക് ജന്മദിനാശംസകൾ നേർന്ന് സഹീർ പങ്കു വച്ച ഇരുവരുടെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. 2019ൽ റിലീസ് ചെയ്ത നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെയാണ് സഹീർ ഇഖ്ബാൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ബഡേ മിയാൻ ഛോട്ടെ മിയാൻ എന്ന ചിത്രത്തിലാണ് സോനാക്ഷി ഒടുവിൽ അഭിനയിച്ചത്.