തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി മ്യൂസിയം നവീകരിക്കുന്നു. പ്രധാനമായും ഓഡിറ്റോറിയവും ഗാർഡനുമാണ് നവീകരിക്കുന്നത്. ഓഡിറ്റോറിയത്തിനായി നാല് കോടിയും ഗാർഡന് 3.5 കോടിയും ചേർത്ത് 7.5 കോടിയുടെ നവീകരണമാണ് നടത്തുന്നത്.
കാലപ്പഴക്കത്തെ തുടർന്ന് മേൽക്കൂര ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. ഓഡിറ്റോറിയത്തിന്റെ പഴമയും പൈതൃകവും നിലനിറുത്തിയാണ് നവീകരണം. ഓഡിറ്റോറിയത്തിന്റെ റൂഫിംഗ് മാറ്റുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്. പൈതൃക ചിത്രങ്ങൾ, ആർട്ട് ഗ്യാലറി എക്സിബിഷൻ,വിവിധ പ്രോഗ്രാമുകൾ, കോൺഫറൻസ്, മീറ്റിംഗ് തുടങ്ങിയവ നടത്താൻ ശീതീകരിച്ച മുറി അടക്കം ഒരുക്കും.
മ്യൂസിയത്തെ പൂന്തോട്ടം ആധുനിക രീതിയിൽ മോടി പിടിപ്പിക്കുന്നതിനൊപ്പം മ്യൂസിക്കൽ ഫൗണ്ടൻ, യോഗ ചെയ്യാൻ പ്രത്യേക ഇടം എന്നിവയും ഒരുക്കും. വിവിധയിനം പൂച്ചെടികൾ, പുൽത്തകിടി നവീകരണം, സ്റ്റാഫുകൾക്കായുള്ള ഇരുനില കെട്ടിടം എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. സ്മാർട്ട് സിറ്റിയാണ് ചെലവ് വഹിക്കുന്നത്. കേരള ഇലട്രിക്കൽ ആൻഡ് എൻജിനിയറിംഗ് (കെൽ) ആണ് നവീകരണത്തിന് നേതൃത്വം നൽകുന്നത്.