തിരുവനന്തപുരം : സമൂഹമാദ്ധ്യമങ്ങളിൽ ഐ.പി.എസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ആൾമാറാട്ടം നടത്തിയ പട്ടം വൈദ്യുതി ഭവനിലെ ഓഫീസ് അറ്റൻഡന്റ് വിനീത് കൃഷ്ണന്റെ ലാപ്‌ടോപ്പും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. ഇവ ഫോറൻസിക് പരിശോധനയ്ക്കായി കൈമാറി.

ഐ.പി.എസ് പദവിയോടുള്ള ആരാധനയെത്തുടർന്നാണ് ഫോട്ടോ പ്രചരിപ്പിച്ചതെന്നാണ് വിനീത് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. യൂണിഫോമണിഞ്ഞ ചിത്രം പ്രചരിപ്പിച്ച ഇയാൾ താൻ ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്നും കെ.എസ്.ഇ.ബി.യിൽ സ്പെഷ്യൽ ഓഫീസറായി ജോലി ചെയ്യുകയാണെന്നും ധരിപ്പിച്ച് ആൾമാറാട്ടം നടത്തിയെന്നാണ് കേസ്. തട്ടിപ്പിനെക്കുറിച്ച് ആദ്യം പരാതി ലഭിച്ചത് കെ.എസ്.ഇ.ബി വിജിലൻസിനാണ്. വിജിലൻസിന്റെ അന്വേഷണത്തിൽ പരാതി ശരിയെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് കൈമാറുകയായിരുന്നു.