സീതത്തോട്: റോഡിൽ മുറിച്ചിട്ടിരുന്ന തടി പരിശോധിക്കാൻ എത്തിയ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരെ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ 12 സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.എം പ്രാദേശിക നേതാവ് ജേക്കബ് വളയംപള്ളി, പ്രവർത്തകരായ മധു, മനോജ് ഉൾപ്പെടെ കണ്ടാലറിയാവുന്ന മറ്റ് 9 പേർക്കെതിരെയാണ് കേസ്. കഴിഞ്ഞ നാലിന് ഉച്ചയ്ക്ക് 1.15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സീതത്തോട് കൊച്ചുകോയിയ്ക്കൽ ഫോറസ്റ്റ് സ്‌റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.സുരേഷ്‌കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അമ്മു ഉദയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സീതത്തോട് കൊച്ചുകോയിക്കൽ കുളഞ്ഞിമുക്കിന് സമീപം തടിക്കഷ്ണങ്ങൾ കിടക്കുന്നത് കണ്ട് പരിശോധിക്കുമ്പോൾ ജേക്കബ് വളയംപള്ളി, മധു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തി ഫോറസ്റ്റ് ഓഫീസർ സുരേഷിനെ അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ആക്രമിക്കുകയുമായിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം വനപാലകർ നൽകിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.