തൊടുപുഴ: പണം വച്ച് ചീട്ടുകളിച്ചതിന് അന്യസംസ്ഥാന തൊഴിലാളികളടക്കം എട്ട് പേരെ തൊടുപുഴ പൊലീസ് പിടികൂടി. ഇവരിൽ നിന്ന് എണ്ണായിരത്തോളം രൂപയും പിടിച്ചെടുത്തു. രഹസ്യ വിരം ലഭിച്ചതിനെ തുടർന്ന് തൊടുപുഴ റിവർവ്യൂ ബൈപ്പാസ് റോഡിന്റെ പ്രവേശനകവാടത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്നാണ് ഇന്നലെ പൊലീസ് ചീട്ടുകളിക്കാരെ പിടികൂടിയത്. കോതമംഗലം ഉൾപ്പെടെ വിദൂരസ്ഥലങ്ങളിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികൾ ഇവിടെ വന്ന് ചീട്ടുകളിക്കുന്നുണ്ട്. തൊടുപുഴ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ചീട്ടുകളി വ്യാപമാകുന്നുണ്ട്. പല സ്ഥലങ്ങളിൽ മാറി മാറി മുറി വാടകയ്‌ക്കെടുത്തു ചൂതാട്ടം നടത്തി വരുന്ന സംഘവും തൊടുപുഴയിലുണ്ട്. ഏതാനും മാസം മുമ്പും തൊടുപുഴ പൊലീസ് ഇതിനു സമീപത്ത് അന്യതൊഴിലാളികളുടെ താമസ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന ചൂതാട്ട കേന്ദ്രത്തിൽ പരിശോധന നടത്തിയിരുന്നു. നഗരത്തിൽ പരിശോധന വ്യാപകമാകുമ്പോൾ ഇവർ ഉൾപ്രദേശങ്ങളിലേക്ക് പോകും. ആളുകൾ ഇല്ലാത്ത വിജന സ്ഥലങ്ങൾ നോക്കിയാണ് പണം വച്ചുള്ള ചീട്ടുകളി കേന്ദ്രങ്ങൾ സജീവമായിരിക്കുന്നത്.