photo

തിരുവനന്തപുരം: കോളേജിൽ കാർട്ടൂൺ ക്ലബിന്റെ കൺവീനറായതോടെയാണ് പൊതുപ്രവർത്തകരംഗത്ത് സജീവമായതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. കാർട്ടൂൺ അക്കാഡമിയും ടൂൺസ് അനിമേഷനും ചേർന്ന് നടത്തിയ തിരഞ്ഞെടുപ്പ് കാർട്ടൂൺ മത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.സ്വന്തം കാർട്ടൂണുകൾ ആസ്വദിക്കുകയും വിമർശനങ്ങൾ ഉൾക്കൊള്ളുകയും ചെയ്യാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളുമായി സംവദിക്കാൻ കാർട്ടൂണുകളെപ്പോലെ മറ്റൊന്നിനും എളുപ്പം സാധിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കാർട്ടൂൺ അക്കാഡമി ചെയർമാൻ സുധീർനാഥ് അദ്ധ്യക്ഷനായിരുന്നു. ജൂറി അംഗങ്ങളായ ആർ.രാധാകൃഷ്ണൻ, ടൂൺസ് അനിമേഷൻ വൈസ് പ്രസിഡന്റ് വിനോദ് .എ.എസ്, ജോൺസൺ, അജിത്ത് കുമാർ, കാർട്ടൂൺ അക്കാഡമി സെക്രട്ടറി എ.സതീഷ് എന്നിവർ സംസാരിച്ചു.

ജൂനിയർ വിഭാഗത്തിൽ അളക എസ്.ജ്യോതിഷ് ഒന്നാംസ്ഥാനവും ശ്രേയാ രമേഷ് രണ്ടാംസ്ഥാനവും നിവേദ് മേനോൻ മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ അതുൽ എസ്.രാജ് ഒന്നാംസ്ഥാനവും നിള ബി.ആർ രണ്ടാംസ്ഥാനവും മെസ്സി മിഡാസ് മൂന്നാംസ്ഥാനവും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 10000, 7500, 5000 രൂപയും നൽകി.