തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രധാന പദ്ധതിയായ 'മാലിന്യമുക്ത നവകേരളം' ജനപങ്കാളിത്തത്തോടെ എല്ലാ കോർപ്പറേഷനുകളിലും നടപ്പിലാക്കാൻ മേയേഴ്സ് കൗൺസിൽ യോഗത്തിൽ തീരുമാനം. മാലിന്യസംസ്‌കരണത്തിൽ ഇന്ന് കൈവരിച്ചിട്ടുള്ള പുരോഗതി മുന്നോട്ടു കൊണ്ടുപോകാനും പരിപൂർണമാക്കാനും വേണ്ട എല്ലാ നടപടികളും കോർപറേഷൻ സ്വീകരിക്കും.
സംസ്ഥാനത്തെ വികസനഫണ്ട്, പെൻഷൻ ഫണ്ട്, ജി.എസ്.ടി കോമ്പൻസേഷൻ എന്നീ കാര്യങ്ങളിൽ നഗരസഭകൾക്ക് സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കേണ്ട തുകകൾ അടിയന്തരമായി ലഭ്യമാക്കണമെന്ന് മേയേഴ്സ് കൗൺസിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നഗരസഭകളുടെ നിലവിലെ അവസ്ഥകൂടി മനസിലാക്കി ജനങ്ങൾക്ക് വികസനപ്രവർത്തനങ്ങൾ പൂർണമായി ലഭ്യമാക്കുന്നതിന് ധനകാര്യമന്ത്രിയുമായി തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി മുൻകൈയെടുത്ത് ചർച്ച വേഗത്തിലാക്കണമെന്ന് അഭ്യർത്ഥിക്കാനും യോഗം തീരുമാനിച്ചു.
തിരുവനന്തപുരം, കൊച്ചി സ്മാർട്ട് സിറ്റി പദ്ധതികൾ പൂർണമാകുമ്പോൾ ഈ ഓഫീസുകളുടെ നടത്തിപ്പ് ഈ രണ്ട് നഗരസഭകളും ചേർന്ന് ഏറ്റെടുക്കണമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിന് പൂർണ പിന്തുണ നൽകാനും തീരുമാനിച്ചു.
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ ഇറിഗേഷൻ, പി.ഡബ്ല്യു.ഡി ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ വകുപ്പുകളുടേയും ഇന്ത്യൻ റെയിൽവേ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടേയും പങ്കാളിത്തം പൂർണമായി നടപ്പിലാക്കണമെന്ന് സംസ്ഥാന സർക്കാരിനെ അറിയിക്കും.
ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ സമീപിക്കാനും മേയേഴ്സ് കൗൺസിൽ തീരുമാനിച്ചു. യോഗത്തിൽ മേയേഴ്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ.എം അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, തൃശൂർ മേയർ എം.കെ. വർഗീസ്, കോഴിക്കോട് മേയർ ഡോ. എം ബീന ഫിലിപ്പ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.