തിരുവനന്തപുരം: നഗരത്തിലെ മൂന്ന് പ്രധാന മേൽപ്പാലങ്ങളായ ബേക്കറി ജംഗ്ഷൻ, ചാക്ക, പാളയം മേൽപ്പാലങ്ങൾ ദീപാലംകൃതമാക്കുന്നതിന്റെ ജോലികൾ ഉടൻ ആരംഭിക്കും. ഇതിന് മുന്നോടിയായി നിയമസഭയ്ക്ക് മുന്നിലുള്ള ഇ.എം.എസ് പാർക്കിൽ ഇതിനായി തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച പരീക്ഷണ ലൈറ്റിംഗ് നടത്തി. പദ്ധതി വിജയമാകുമെന്ന വിലയിരുത്തലിൽ മറ്റ് പാലങ്ങളിൽ ഇത് സ്ഥാപിക്കുന്നതിനുള്ള ജോലികൾ ഉടൻ ആരംഭിക്കും. സഞ്ചാരികൾക്കായി കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയൊരുക്കുന്ന എൽ.ഇ.ഡി വർണവിളക്കുകളാണ് ഇവിടെ സ്ഥാപിക്കുന്നത്. പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ സ്മാർട്ട് സിറ്റിയുമായി സഹകരിച്ചാണ് പദ്ധതി. കോഴിക്കോട് ഫറോക്ക് പാലത്തിൽ സ്ഥാപിച്ചതുപോലെ ആധുനിക അലങ്കാര വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ നിർമാണച്ചെലവ് 3.20 കോടി രൂപയാണ്. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് ലിമിറ്റഡ് (കെൽ) ന്റെ നേതൃത്വത്തിലാണ് വിളക്കുകൾ സ്ഥാപിക്കുക. ഇതിനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസത്തോടെ ദീപാലങ്കാര പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് സ്മാർട്ട് സിറ്റി അധികൃതർ അറിയിച്ചു. വിളക്കുകൾക്ക് പുറമേ പാലത്തിന്റെ തൂണുകളിൽ വർണചിത്രങ്ങളൊരുക്കും. വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് ചിത്രങ്ങൾ വരയ്ക്കുക. ബേക്കറി ജംഗ്ഷൻ പാലത്തിന്റെ തൂണുകളിൽ ചിത്രം വരച്ചുതുടങ്ങി.