തിരുവനന്തപുരം: രാജ്യത്തെ മെഡിക്കൽ ഉപകരണ നവീകരണ രംഗത്ത് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി ഈ വർഷം മാത്രം 50 പേറ്റന്റുകൾ നേടിയതായി ബയോ മെഡിക്കൽ വിഭാഗം മേധാവി ഡോ. പി.ആർ.ഹരികൃഷ്ണ വർമ്മ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അണുബാധയേറ്റ എല്ലുകളിലേക്ക് ബയോ ആക്ടീവ് സെറാമിക് ബീഡുകൾ മുഖേന ആന്റിബയോട്ടിക് എത്തിക്കുന്ന സാങ്കേതികവിദ്യ, ത്രീഡി ബയോപ്രിന്റിംഗ് വിദ്യയിലൂടെ സജീവ ശരീരകലകൾ സൃഷ്ടിക്കുന്നതിനായി ജലാറ്റിനെ രാസപരമായി പരിഷ്‌കരിച്ച ബയോ ഇങ്ക്, ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജുമായി സഹകരിച്ച് രോഗികളുടെ ഗതാഗതത്തിനായി വികസിപ്പിച്ചിട്ടുള്ള യന്ത്രവത്കൃത ട്രോളി ഇ ഡ്രൈവ്, എം.ആർ ചിത്രങ്ങൾ ത്രീഡിയായി കാണാൻ സഹായിക്കുന്ന വെർച്വൽ റിയാലിറ്റി ഉപകരണം, മസ്തിഷ്‌ക ശസ്ത്രക്രിയ വേളയിൽ കൂടുതൽ വ്യക്തമായി കാണാൻ കഴിയുന്ന ചിത്ര പീക്കോക്ക് റിയാക്ടർ തുടങ്ങിയ കണ്ടെത്തലുകൾ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കാൻ വിവിധ കമ്പനികൾക്ക് സാങ്കേതികവിദ്യ കൈമാറിയിട്ടുണ്ടെന്നും ഗവേഷകർ അറിയിച്ചു. ശരത് എസ്.ലാൽ, പി.ആർ അനിൽകുമാർ, ഷൈനി വേലായുധൻ, രാജ്കൃഷ്ണൻ രാജൻ, ഡോ. അരുൺ, ഡോ. സച്ചിൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.