തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ മർദ്ദനമേറ്റ രോഗിക്കെതിരെ സാർജന്റ് നൽകിയ പരാതിയിലും പൊലീസ് കേസെടുത്തു. മണ്ണാമ്മൂല സ്വദേശി ശ്രീകുമാറിനെതിരെയാണ് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്. ആരോഗ്യ പ്രവർത്തകർക്കെതിരേയുള്ള അതിക്രമം, ഭീഷണിപ്പെടുത്തൽ, മർദ്ദനം തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

മേയിൽ നടന്ന സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് സാർജന്റിന്റെ പരാതി പൊലീസിന് ലഭിച്ചത്. സാർജന്റ് സുരേഷ് ഗോവിന്ദ് നൽകിയ പരാതി ചീഫ് സെക്യൂരിറ്റി ഓഫീസർ എം.ബി.നിസാറുദ്ദീൻ പൊലീസിന് കൈമാറി. പ്രശ്നനം മദ്ധ്യസ്ഥതയിൽ പരിഹരിക്കാൻ ശ്രമം നടന്നതിനാലാണ് പരാതി പൊലീസിന് കൈമാറാൻ വൈകിയതെന്ന ചീഫ് സെക്യൂരിറ്റി ഓഫീസറുടെ കുറിപ്പും ഇതോടൊപ്പം നൽകി. ശ്രീകുമാർ രോഗിയല്ലെന്ന നിലപാടിലാണ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു.

ശ്രീകുമാർ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ബഹളമുണ്ടാക്കിയെന്നും തടയാൻ ശ്രമിച്ചപ്പോൾ മർദ്ദിച്ചെന്നുമാണ് സാർജന്റ് സുരേഷ് ഗോവിന്ദിന്റെ പരാതി. തുടർന്ന് മറ്റു സാർജന്റുമാരുടേയും പൊലീസിന്റേയും സഹായം തേടുകയായിരുന്നുവെന്നും പറയുന്നു.


ശ്രീകുമാറിനെ സാർജന്റുമാർ മർദ്ദിച്ച സംഭവത്തിൽ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ സാർജന്റായ ജുറൈജിനെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തിരുന്നു. മെഡിക്കൽ കോളേജിലെ സാർജന്റുമാരും സംഭവത്തിൽ ചേരിതിരിഞ്ഞതോടെ പ്രശ്‌നം രൂക്ഷമാവുകയായിരുന്നു. പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചയാളെ പിന്തിരിപ്പിക്കുകയാണ് ചെയ്തതെന്നും ഇത് നോക്കിനിന്ന സാർജന്റ് പ്രവീൺ രവി മൊബൈലിൽ ദൃശ്യങ്ങളെടുത്ത് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതായും സസ്‌പെൻഷനിലായ ജുറൈജ് ആരോപിക്കുന്നു.