തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് വിജയിച്ച ഷാഫി പറമ്പിലിന് ഡി.സി.സി,യൂത്ത് കോൺഗ്രസ്,മഹിളാ കോൺഗ്രസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചായിരുന്നു സ്വീകരണം.മുംബയിൽ നിന്ന് ഇന്നലെ വൈകിട്ട് 5.30ഓടെ എത്തിയ ഷാഫിയെ ഡി.സി.സി പ്രസിഡന്റ് പാലോട് രവി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മുദ്രാവാക്യങ്ങളുമായി അണിനിരന്ന പ്രവർത്തകർ, ഷാഫിയെ തോളിലേറ്റിയാണ് വിമാനത്താവളത്തിന്റെ കവാടത്തിലെത്തിച്ചത്.

വടകരയിലുണ്ടായ വിജയം ഇടത് സർക്കാരിന്റെ ധാർഷ്ട്യത്തിനെതിരെയുള്ള രാഷ്ട്രീയ വിജയമാണെന്നും അതുപോലുള്ള ജനവിധി ഇനി നടക്കാനുള്ള തിരഞ്ഞെടുപ്പുകളിലും തുടരുമെന്നും ഷാഫി പറഞ്ഞു.