chenkal-vatavila-road

പാറശാല: മഴക്കാലമായാൽ ഉദിയൻകുളങ്ങര- വട്ടവിള റോഡിൽ വട്ടവിള ജംഗ്ഷൻ ഒന്നുകടന്നുകിട്ടാൻ യാത്രക്കാർ അല്പമൊന്ന് കഷ്ടപ്പെടും. ചെറിയൊരു മഴപെയ്താൽ പോലും ഇവിടെ വെള്ളക്കെട്ടാകും. ഇത് മാസങ്ങളോളം തുടരുകയും ചെയ്യും. ഇവിടെ മഴവെള്ളം ഒഴുകിപ്പോകാൻ ഓടയില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് പരാതി. വെള്ളക്കെട്ടായാൽ തകർന്നറോഡിലെ കുഴി തിരിച്ചറിയാറില്ല. സ്ഥിരം യാത്രക്കാരല്ലെങ്കിൽ ഈ കുഴിയിൽ വീണ് അപകടം ഉറപ്പാണ്. കാൽനട യാത്രക്കാർ ഉൾപ്പെടെ ഈ കുഴിയിൽ വീഴുന്നത് സ്ഥിരം കാഴ്ചയായി മാറിക്കഴിഞ്ഞു. റോഡിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നാട്ടുകാർ പഞ്ചായത്ത് അധികൃതർക്കും എം.എൽ.എക്കും പരാതികൾ സമർപ്പിച്ചെങ്കിലും നടപടി മാത്രമില്ലെന്നാണ് ആക്ഷേപം.

 പൊറുതിമുട്ടി വ്യാപാരികൾ

വാഹനങ്ങൾ കടന്നുപോകുമ്പോൾ സമീപത്തെ വ്യാപര സ്ഥാപനങ്ങളിലേക്ക് ഈ വെള്ളം തെറിച്ചു വീഴും. കാൽനടയാത്രക്കാർ വാഹനം വരുമ്പോൾ ഓടിമാറിയില്ലെങ്കിൽ ദേഹത്തേക്കും ഈ വെള്ളം പതിക്കും. റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ഇരുവശത്തും ഓട നിർമ്മിക്കുന്നതിനായി നേരത്തെ പി.ഡബ്ല്യു.ഡി നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ അതിനുവേണ്ട ഫണ്ട് അനുവദിച്ചെങ്കിലും തുക വകമാറ്റി ചെലവഴിച്ചെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

 കണ്ണിൽ പൊടിയിട്ട് നിർമ്മാണം

നിലവാരമില്ലാത്ത റോഡ് നിർമ്മാണത്തിന് പുറമെ അമിതഭാരം കയറ്റിയ വാഹനങ്ങളുടെ നിരന്തരസഞ്ചാരവും കാരണമാണ് റോഡ് തകർന്നതെന്നാണ് ആക്ഷേപം. തകർന്ന റോഡിൽ നേരത്തെ ചില തട്ടിക്കൂട്ട് പണികൾ നടത്തി നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അവയെല്ലാം വീണ്ടും തകർന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ഈ റോഡിലാണ് പലസ്ഥലങ്ങളിലായി വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.