ട്രയൽ റൺ ഈ മാസം അവസാനം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം 85 ശതമാനം പൂർത്തിയായെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു. ജൂൺ അവസാനം ട്രയൽ റൺ നടത്താം. ഡിസംബറിനുള്ളിൽ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം തുടങ്ങാമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു.
തുറമുഖ - ഫിഷിംഗ് വകുപ്പ് ഉദ്യോഗസ്ഥർ തൊഴിലാളി സംഘടനകളുമായി മൂന്ന് റൗണ്ട് ചർച്ച നടത്തി. നെയ്യാറ്റിൻകര എം.എൽ.എ എ. ആൻസലന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. തുറമുഖത്തിന്റെ ഒന്നാംഘട്ടം പ്രവർത്തനമാരംഭിക്കുമ്പോൾ 600 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും.
തുറമുഖ നിർമ്മാണ കമ്പനിക്ക് പണം അനുവദിക്കുന്നതിന് ഹഡ്കോ മുന്നോട്ടുവച്ച നിബന്ധനകൾ സർക്കാർ അംഗീകരിച്ചിരുന്നു. വിസിൽ എടുക്കുന്ന വായ്പയ്ക്ക് സർക്കാർ ഗ്യാരന്റി നൽകും.
റെയിൽവേ പാത നിർമ്മാണം ഉടൻ
സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കിയാലുടൻ വിഴിഞ്ഞത്തേക്കുള്ള റെയിൽപാത നിർമ്മാണം തുടങ്ങും. 42 മാസം കൊണ്ട് പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ. 5.53 ഹെക്ടർ ഏറ്റെടുക്കുന്നതിനുള്ള നടപടി തുടരുകയാണ്. നിർമ്മാണ ചുമതലയുള്ള കൊങ്കൺ റെയിൽവേ കോർപ്പറേഷന്റെ ഡി.പി.ആർ പ്രകാരം 10.7 കി.മീറ്റർ ദൈർഘ്യമുള്ള പാതയ്‌ക്ക് 1060 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പാതയുടെ 9.02 കി.മീ. ദൂരവും ടണലിലൂടെയാണ് പോകുന്നത്. ടണലിന്റെ ഏറിയ പങ്കും പൊതുമരാമത്ത് റോഡിന് താഴ് ഭാഗത്തുകൂടിയായിരിക്കുമെന്നും മന്ത്രി വാസവൻ പറഞ്ഞു.