കിളിമാനൂർ: പച്ചക്കറി വില കുതിച്ചുയരാൻ തുടങ്ങിയതോടെ സാധാരണക്കാരന്റെ ബഡ്ജറ്ര് താളം തെറ്റി. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ബീൻസ്,പച്ചമുളക്,പാവയ്ക്ക,തക്കാളി,കാരറ്റ്,വെള്ളരി,ചേന തുടങ്ങിയവയ്ക്കെല്ലാം വൻ വില വർദ്ധനയാണുണ്ടായത്. കിലോയ്ക്ക് 35 മുതൽ 40 വരെയുണ്ടായിരുന്ന തക്കാളി 70ലെത്തി. 50 രൂപയുണ്ടായിരുന്ന പച്ചമുളക് 90 രൂപയായി. 60 രൂപയുണ്ടായിരുന്ന ബീൻസിന് 50 രൂപയോളം വർദ്ധിച്ച് 110ലെത്തി. വലിയ ഉള്ളിക്ക് വില വർദ്ധിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ നേരിയ കുറവുണ്ടായിട്ടുണ്ട്. 20 രൂപയ്ക്ക് ലഭിച്ചിരുന്ന പച്ചക്കായയ്ക്ക് ഒറ്റയടിക്ക് ഇരിട്ടിയായി. 30 രൂപയുണ്ടായിരുന്ന നേന്ത്രപ്പഴത്തിനും ഇരട്ടിയായി അയൽ സംസ്ഥാനങ്ങളിലുണ്ടായ അപ്രതീക്ഷിത വേനൽമഴയാണ് പച്ചക്കറി വില വർദ്ധനവിന് കാരണം. മഴ ശക്തമായി തുടർന്നാൽ പച്ചക്കറി വില ഇനിയും ഉയരാനാണ് സാദ്ധ്യത.
കോഴിയിറച്ചിയും പൊള്ളും
ഇറച്ചി വിലയും കുത്തനെ കൂടുകയാണ്.ചിക്കന്റെയും ബീഫിന്റെയും വിലയിൽ വൻ വർദ്ധനയാണ് ഉണ്ടായത്. വില വർദ്ധിച്ചതോടെ ഹോട്ടലുകളിലും വിഭവങ്ങളുടെ വില വർദ്ധിപ്പിച്ചു. വേനലിന്റെ തുടക്കം മുതൽ തന്നെ കോഴിയിറച്ചി വില കൂടി തുടങ്ങിയിരുന്നു. നിലവിൽ 180 രൂപയാണ് ഒരു കിലോ കോഴിക്ക്. ഇറച്ചിയാണെങ്കിൽ 260 മുതൽ 270 വരെയാണ് വില. ഇറച്ചി വില കയറിയതോടെ പലരും മത്സ്യത്തെ ആശ്രയിച്ചിരുന്നെങ്കിലും ട്രോളിംഗ് നിരോധനം വന്നതോടെ മത്സ്യത്തിനും വില കൂടി.
ബീഫിന് റെക്കാഡ് വില വർദ്ധനയാണുണ്ടായത്. 400 മുതൽ 450 വരെയാണ് കിലോയ്ക്ക്. പോത്തിന്റെ ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. ആട്ടിറച്ചിക്ക് വില 800 രൂപയ്ക്ക് മുകളിലാണ്.
നിലവിലെ പച്ചക്കറി വില
ബീൻസ് : 100
പച്ചമുളക് : 90 -100
പാവയ്ക്ക : 80 -100
ചെറിയ ഉള്ളി : 80
കാബേജ് : 35 - 40
ഉരുളക്കിഴങ്ങ് : 35
വെണ്ട : 40
വെളുത്തുള്ളി : 200
വലിയ ഉള്ളി : 30-35
തക്കാളി : 70
പച്ചക്കായ : 40
വെള്ളരി : 40
ചേന : 70
കാത്തിരുന്നു ലഭിച്ച ക്ഷേമ പെൻഷനുമായി പച്ചക്കറിക്കടയിൽ ഒന്നു കയറി സാധനങ്ങൾ വാങ്ങി പുറത്ത് ഇറങ്ങിയപ്പോൾ പണം തീർന്നു.ഇനി മരുന്ന് വാങ്ങണമെങ്കിൽ ആരോടെലും കടം വാങ്ങണം.
പുഷ്ക്കല,വീട്ടമ്മ