pottiey-mathil

ആറ്റിങ്ങൽ: പൊട്ടിത്തകർന്ന മതിൽ, വൈദ്യുതി പോസ്റ്റിൽ ചുറ്റിനിറച്ച കേബിളുകൾ, ഒപ്പം അനധികൃത പാർക്കിംഗ്. ആറ്റിങ്ങൽ ഗവ: മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലെ അവസ്ഥയാണിത്. വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റ് ജീവനക്കാരും ഉൾപ്പെടെ നിരവധി പേർ കടന്നുപോകുന്ന വഴിയിലാണ് ഈ രീതിയിൽ അപകടം നിറഞ്ഞുനിൽക്കുന്നത്. നിരവധി വിദ്യാർത്ഥികൾ കടന്നുപോകുന്ന ഇവിടുത്തെ പ്രശ്നം പരിഹരിക്കണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം.

വില്ലനായി പാലമരം

ഡി.ഇ.ഒ ഓഫീസിനു മുന്നിലെ കരിങ്കൽ മതിലിന് ഇടയിലേക്ക് കൂറ്റൻ പാലമരത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങിയിരിക്കുകയാണ്. ഈ മതിലിന്റെ കല്ലുകൾ പലതും ഇളകിമറിഞ്ഞു. ഇരുപത് മീറ്ററോളം സ്ഥലത്ത് മതിൽ പുറത്തേക്ക് ചാഞ്ഞ നിലയിലുമാണിപ്പോൾ. മഴക്കാലമായപ്പോൾ മതിൽ തീർത്തും അപകടകരമായി.

വലച്ച് പാർക്കിംഗ്

സ്കൂൾ തുറക്കുന്നതിന് മുമ്പുതന്നെ പോസ്റ്റിൽ കുരുക്കിയിട്ടിരിക്കുന്ന കേബിളുകൾ നീക്കംചെയ്യണമെന്ന് സ്കൂൾ അധികൃതർ ബന്ധപ്പെട്ടവർക്ക് കത്ത് നൽകിയിരുന്നു. ഒപ്പം അനധികൃത പാക്കിംഗിനെക്കുറിച്ചും സ്കൂൾ അധികൃതർ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപമായതിനാൽ സൗകര്യത്തിനായി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലമായി മാറി.

കാവലായി അദ്ധ്യാപകർ

സ്കൂൾ തുറന്നതോടെ വൈകിട്ട് വിദ്യാർത്ഥികളെ റോഡ് കടത്തിവിടാൻ അദ്ധ്യാപകർ റോഡിലിറങ്ങും. പൊട്ടിയ മതിലിനു സമീപത്തും അനധികൃത പാർക്കിംഗ് ഇടങ്ങളിലും പോസ്റ്റുകളിലെ കേബിൾ ചുരുളുകൾക്കു സമീപവും നിത്യവും അദ്ധ്യാപകർ നിലയുറപ്പിക്കും. രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഇവിടെ മുഴുവൻ വിദ്യാർത്ഥികളും തിരിച്ചുപോയ ശേഷമേ അദ്ധ്യാപകർക്ക് റോഡിൽ നിന്നു മടങ്ങാൻ കഴിയൂ.