ചിറയിൻകീഴ്: മുതലപ്പൊഴിയിൽ നടത്തുന്ന മണൽനീക്കം കാര്യക്ഷമമല്ലെന്ന പരാതിയുമായി മത്സ്യത്തൊഴിലാളികൾ. നിലവിൽ അദാനി ഗ്രൂപ്പ് വാർഫ് പണിയാനായി പൊളിച്ച തെക്കേ പുലിമുട്ടിന്റെ ഭാഗത്താണ് മണൽ നീക്കം നടക്കുന്നത്. ഇവിടെ പൊളിച്ചിട്ട പുലിമുട്ടിന്റെ പുനർനിർമ്മാണങ്ങൾ നടക്കേണ്ടതുണ്ട്. മുതലപ്പൊഴിയിൽ ഏറ്റവുമധികം അപകടങ്ങൾ നടക്കുന്നത് അഴിമുഖത്താണ്. ഇവിടെ മണൽനീക്കം ആരംഭിച്ചിട്ടുമില്ല. ഈ വർഷം മാത്രം 11 അപകടങ്ങളിലായി രണ്ടുപേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അഴിമുഖത്തെ ആഴക്കുറവാണ് അപകടങ്ങളുടെ പ്രധാന കാരണം. ആറ് മീറ്റർ താഴ്ച വേണ്ട ഇവിടെ നിലവിൽ ഒന്നര മീറ്റർ മാത്രമാണ് പലയിടത്തും ഉള്ളതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് പല അപകടങ്ങളിൽ നിന്നും രക്ഷപ്പെടുന്നത്. അഴിമുഖം കടക്കുന്നതിനിടെ ശക്തമായ തിരമാലയിൽപ്പെട്ട് ബോട്ടുകൾ ആടിയുലഞ്ഞ് പുലിമുട്ടിലേക്ക് ഇടിച്ചുകയറിയാണ് അപകടങ്ങളിൽ ഏറെയും സംഭവിക്കുന്നത്. കാലവർഷം കൂടിയെത്തിയതോടെ കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും ശക്തമായ തിരമാലകൾ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. ഇതാണ് മത്സ്യത്തൊഴിലാളികളുടെ ആശങ്ക വർദ്ധിപ്പിക്കുന്നത്.
ആഴക്കുറവ് പരിഹരിക്കാൻ ഡ്രഡ്ജർ എത്തിച്ച് മണൽ നീക്കം സുഗമമാക്കണമെന്നായിരുന്നു മത്സ്യത്തൊഴിലാളികളുടേയും ബന്ധപ്പെട്ട അധികൃതരുടേയും ആവശ്യം. നിലവിൽ എസ്കലേറ്റർ ഉപയോഗിച്ചുള്ള മണൽ നീക്കമാണ് അദാനി ഗ്രൂപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. കടൽ പ്രക്ഷുബ്ധമായതിനാൽ നിലവിൽ ഡ്രഡ്ജർ എത്തിക്കാനാകില്ലെന്നാണ് അധികൃതരുടെ വാദം. മൺസൂണിന് മുമ്പ് ഡ്രഡ്ജർ എത്തിച്ച് മണൽ നീക്കം സുഗമമാക്കാമായിരുന്നില്ലേ എന്നാണ് മത്സ്യത്തൊഴിലാളികൾ ചോദിക്കുന്നത്. അഴിമുഖത്തും മണൽ നീക്കാനുള്ള നടപടികൾ സ്വീകരിച്ച് അപകടരഹിത മേഖലയാക്കാൻ കഴിയുന്ന കാര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ കൈക്കൊള്ളണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.