തിരുവനന്തപുരം: കൊച്ചിൻ കോർപ്പറേഷൻ മഴക്കാലപൂർവ്വ ശുചീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവെങ്കിലും തൃക്കാക്കര, കളമശേരി നഗരസഭകൾ സഹകരിക്കുന്നില്ലെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ ഉമാതോമസിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും വേനൽ മഴയ്ക്ക് മുമ്പ് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം നടപ്പാക്കി. കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഒരു പോലെ ചെയ്തുവെന്ന് അഭിപ്രായമില്ല. മാലിന്യം സംസ്‌ക്കരിക്കാതിരിക്കുകയും പിന്നീട് വെള്ളക്കെട്ടുണ്ടാകുമ്പോൾ മുറ വിളിക്കുകയും ചെയ്യുന്നത് ശരിയല്ല.
ഇക്കഴിഞ്ഞ മേയ് 28ന് എറണാകുളത്ത് പെയ്ത മഴ മേഘ വിസ്‌ഫോടനമായിരുന്നു. ഒരു മണിക്കൂറിൽ 103 മി.മി മഴയാണ് പെയ്തത്. ഭാവിയിലും ഇത്തരം പ്രതിഭാസങ്ങൾ സംഭവിക്കാം. അവ ബാധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. നഗരാസൂത്രണത്തിലുൾപ്പെടെ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.