
കോവളം: കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായുള്ള രൂക്ഷമായ പ്രകൃതിദുരിതങ്ങൾ ആവർത്തിക്കാനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ലെന്നും അത്തരം വെല്ലുവിളികളെ നേരിടാൻ സർക്കാരിനൊപ്പം മലിനീകരണ നിയന്ത്രണ ബോർഡും സജ്ജമായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലോക പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മികച്ച മലിനീകരണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്ന സ്ഥാപനങ്ങൾക്ക് നൽകുന്ന മലിനീകരണ നിയന്ത്രണ അവാർഡുകൾ മുഖ്യമന്ത്രിയും മന്ത്രി എം.ബി.രാജേഷും വിതരണം ചെയ്തു. മേയർ ആര്യാ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഇന്റഗ്രേറ്റഡ് വെബ് പോർട്ടൽ, ജല- വായു ഗുണനിലവാര ഡയറക്ടറി എന്നിവയുടെ പ്രകാശനം ശാരദ ജി.മുരളീധരനും, ഓൺലൈൻ വെഹിക്കിൾ ട്രാക്കിംഗ് വെബ് പോർട്ടൽ, പരിസ്ഥിതി വാർത്തയുടെ പ്രകാശനം, ലഘുപത്രിക എന്നിവയുടെ പ്രകാശനം പരിസ്ഥിതി - വിവര സങ്കേതിക വകുപ്പ് സെക്രട്ടറി ഡോ.രത്തൻ യു.കേൽക്കറും നിർവഹിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ എസ്.ശ്രീകല സ്വാഗതവും മെമ്പർ സെക്രട്ടറി ഡോ.എ.എം.ഷീല നന്ദിയും പറഞ്ഞു.