തിരുവനന്തപുരം: ബാർ കോഴ കേസിൽ മന്ത്രിമാരായ എം.ബി.രാജേഷ്, പി.എ.മുഹമ്മദ് റിയാസ് എന്നിവരുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. പ്രവർത്തകർ പൊലീസിനുനേരെ കല്ലെറിഞ്ഞതിനെത്തുടർന്ന് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. ആർക്കും പരിക്കില്ല.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു മാർച്ച്. നിയമസഭയ്ക്ക് സമീപം ബാരിക്കേഡ് വച്ച് പൊലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർ പൊലീസിനു നേരെ കമ്പുകൾ വലിച്ചെറിഞ്ഞു. പിന്തിരിയാൻ കൂട്ടാക്കാത്തതിനെത്തുടർന്നാണ് ജലപീരങ്കി പ്രയോഗിച്ചത്. പ്രവർത്തകർ പലതവണ പ്രകോപിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് സംയമനം പാലിച്ചു. ഇതിനിടെ നേരിയ തോതിൽ കല്ലേറുമുണ്ടായി. തുടർന്ന് മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിമാറ്റി. സംയമനം പാലിക്കണമെന്ന സർക്കാർ നിർദ്ദേശമുള്ളതിനാൽ പൊലീസ് മറ്റു നടപടികളിലേക്ക് കടന്നില്ല.
മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് വകുപ്പിനെ ടൂറിസം മന്ത്രി ഹൈജാക്ക് ചെയ്‌തെന്നും ബാർ കോഴക്കേസിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യ സർക്കാരുകൾ നിലവിൽ വന്നശേഷം നടന്ന വലിയ തട്ടിപ്പാണിതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. വൈസ് പ്രസിഡന്റ് അബിൻ വർക്കി, റിജിൽ മാക്കുറ്റി തുടങ്ങിയവർ പങ്കെടുത്തു.