തിരുവനന്തപുരം: ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലിൽ പെൺകുഞ്ഞ്.ഇന്നലെ ഉച്ചയ്ക്ക് 2.50 നാണ് 10 ദിവസം പ്രായമുള്ള 2.8 കിലോഗ്രാം ഭാരവുമുള്ള പെൺകുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് 'നിലാവ് ' എന്ന് പേരിട്ടു.
തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 601-ാ മത്തെ കുഞ്ഞും ഒരു വർഷത്തിനിടയിൽ ലഭിക്കുന്ന ആറാമത്തെ പെൺകുഞ്ഞുമാണ് നിലാവെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപി അറിയിച്ചു. കുട്ടിയുടെ ജനനത്തീയതിയും ഇടതു കൈത്തണ്ടയിലെ ടാഗിൽ രേഖപ്പെടുത്തിയിരുന്നു.
പൂർണ ആരോഗ്യവതിയായ കുഞ്ഞ് തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ പരിശോധനകൾക്കുശേഷം സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണയിലാണ്.കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികളുണ്ടെങ്കിൽ അടിയന്തരമായി സമിതിയുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.