പോത്തൻകോട്: ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കണ്ണാടിപ്പാലത്തിൽ വീണ്ടും പൊട്ടലെന്ന് സൂചന. ഇന്നലെ പാലത്തിലെ ഗ്ലാസ് സ്ലാബ് ഇളക്കി മാറ്റിയതാണ് പൊട്ടൽ സംഭവിച്ചെന്ന വാർത്ത പരക്കാൻ കാരണം. എൽ.ഇ.ഡി വാളുകൾ സ്ഥാപിക്കാനായാണ് ഗ്ലാസ് സ്ലാബുകൾ ഇളക്കിയതെന്നാണ് അധികൃതർ പറയുന്നത്. വളരെ ബലത്തിൽ ഉറപ്പിച്ചിട്ടുള്ള വിലപിടിപ്പുള്ള സ്ലാബുകൾ എൽ.ഇ.ഡി വാളുകൾക്കായി ഇളക്കി മാറ്റുമോ എന്നാണ് വിദഗ്ദ്ധർ ആശങ്ക പ്രകടിപ്പിക്കുന്നത്. ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ വികസന പദ്ധതിയുടെ ഭാഗമായാണ് കണ്ണാടിപ്പാലം നിർമ്മിച്ചത്. ഒന്നരമാസം മുൻപാണ് പാലത്തിന്റെ പ്രധാന ഭാഗമായ ഗ്ലാസ് പാളികളിൽ പൊട്ടലുണ്ടായത്. കണ്ണാടിപ്പാളിയിൽ ആയുധം ഉപയോഗിച്ച് ശക്തിയായി അടിച്ചാണ് കേടുവരുത്തിയതെന്നും സാമൂഹ്യവിരുദ്ധരാണ് ഇതിന് പിന്നിലെന്നും വി.കെ.പ്രശാന്ത് എം.എൽ.എ ആരോപിച്ചിരുന്നു.