പോത്തൻകോട് : കഴക്കൂട്ടം ടെക്നോപാർക്കിനു സമീപത്തെ ബിയർ പാർലറിലുണ്ടായ കത്തിക്കുത്തുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി കടയ്ക്കാവൂർ സ്വദേശി ശ്രീക്കുട്ടൻ എന്ന അഭിജിതിനെ (29) എറണാകുളത്തു നിന്ന് കഴക്കൂട്ടം പൊലീസ് പിടികൂടി.ചിറയിൻകീഴിൽ മുമ്പുണ്ടായ കൊലപാതക കേസിലെ ഒന്നാം പ്രതിയായ അഭിജിത് ബാറിലെ സംഭവശേഷം ഒളിവിലായിരുന്നു. പലതവണ പിടികൂടാൻ ശ്രമിച്ചിരുന്നെങ്കിലും പൊലീസ് എത്തുന്നതിന് മുൻപ് ഇയാൾ രക്ഷപ്പെടുകയായിരുന്നു പതിവ്. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ടതു മനസ്സിലാക്കി മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് ഇയാളെ പിടികൂടിയത്.ഇതോടെ 11 പ്രതികളുള്ള കേസിൽ നാലുപേർ പിടിയിലായി. ഇക്കഴിഞ്ഞ ഏപ്രിൽ 20 ന് രാത്രി 11.30 നാണ് ടെക്നോപാർക്കിന് എതിർവശത്തെ ബിയർ പാർലറിൽ പിറന്നാളാഘോഷിക്കാനെത്തിയ സംഘവും മറ്റൊരു സംഘവുമായി ഏറ്റുമുട്ടിയത്.ഇരു സംഘങ്ങളും തമ്മിലുള്ള അടിപിടിക്കിടെയാണ് അഞ്ചുപേർക്ക് കുത്തേറ്റത്. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു.