കാട്ടാക്കട: കളഞ്ഞുകിട്ടിയ പഴ്സ് ഉടമയെ തിരിച്ചേൽപ്പിച്ച് വിദ്യാർത്ഥികൾ മാതൃകയായി. നെയ്യാർഡാം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ അഭിനവ്, അമേഷ്, അദ്വൈത്, പ്രണവ്, ശ്രീജിത്ത്, ആര്യൻ, അഭിമന്യു എന്നിവരാണ് സ്കൂൾ പരിസരത്തു നിന്ന് ലഭിച്ച പഴ്സ് ഉടമയ്ക്ക് തിരിച്ചുനൽകിയത്. നെയ്യാർഡാം സന്ദർശിക്കാനെത്തിയ തൃശൂർ സ്വദേശി കിഷോറിന്റെ പഴ്സാണ് നഷ്ടമായത്. 5,000 രൂപയും മെഡിക്കൽ രേഖകളും താക്കോൽക്കൂട്ടങ്ങളും ഇതിലുണ്ടായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് വിദ്യാർത്ഥികൾക്ക് പഴ്സ് ലഭിച്ചത്. ഉടൻ നെയ്യാർഡാം പൊലീസ് സ്റ്റേഷനിലെത്തി എസ്.ഐ പ്രവീൺകുമാറിന് കൈമാറി. പഴ്സിൽ ഉണ്ടായിരുന്ന ഒ.പി ടിക്കറ്രിൽ നിന്ന് ഉടമയുടെ നമ്പർ ലഭിച്ചു. തുടർന്ന് കിഷോറിനെ വിവരമറിയിച്ചു. തിരികെ പോകാനായി കാട്ടാക്കട എത്തിയപ്പോഴാണ് പൊലീസിന്റെ വിളി വന്നത്. ഇയാൾ തിരികെയെത്തി കുട്ടികളിൽ നിന്ന് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ പഴ്സ് കൈപ്പറ്റി. പഴ്സ് തിരികെ കിട്ടിയതിൽ സന്തോഷമുണ്ടെന്ന് കിഷോർ പറഞ്ഞു. കുട്ടികൾക്ക് മധുരം വാങ്ങി നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. സമൂഹത്തിന് മാതൃകയാകുന്ന പ്രവർത്തനമാണ് കുട്ടികൾ നടത്തിയതെന്ന് പൊലീസും സ്കൂൾ അധികൃതരും പറഞ്ഞു.