ശംഖുംമുഖം: അതിനൂതന ഉപകരണങ്ങളോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ അനുവദിച്ച എയർട്രാഫിക്ക് കൺട്രോൾ ടവർ (എ.ടി.സി) ഫയലിലുറങ്ങുന്നു. നിലവിലെ സംവിധാനത്തിൽ വിമാനങ്ങളെ നിയന്ത്രിക്കുക ദുർഘടമായതോടെയാണ് പുതിയ ടവർ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിന്റ ഭാഗമായി ചാക്കയിൽ പുതിയ ടവർ നിർമ്മിക്കാൻ അനുമതി നൽകി.
തുടർന്ന് നൂതന ഉപകരണങ്ങൾ വിദേശത്തുനിന്ന് വാങ്ങാൻ ടെൻഡറും നൽകി. എന്നാൽ തുടർനടപടികൾ ഫയലിൽ ഒതുങ്ങി. ആകാശ സുരക്ഷയൊരുക്കേണ്ട എയർട്രാഫിക്ക് കൺട്രോൾ ടവറിലെ ജീവനക്കാർ മഴ പെയ്‌താൽ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ കുടപിടിച്ചിരുന്നാണ് സുരക്ഷയൊരുക്കുന്നത്. അത്യാധുനിക എയർട്രാഫിക്ക് ടവറുള്ള മുംബയ് വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം ടേക്ക് ഓഫിനും ലാൻഡിംഗിനുമായി രണ്ടു വിമാനങ്ങൾ ഒരേസമയം എത്തിയതിന് എ.ടി.സിയിലെ ജീവനക്കാരനെതിരെ നടപടിയെടുത്തിരുന്നു. അന്വേഷണവും പ്രഖ്യാപിച്ചു. ഇത് തിരുവനന്തപുരത്തെ ജീവനക്കാരുടെ ആശങ്ക ഇരട്ടിക്കാനും കാരണമായി. പരിമിതികൾക്ക് നടുവിൽ അത്യാധുനിക സംവിധാനങ്ങളില്ലാതെ എയർട്രാഫിക്ക് നിയന്ത്രിക്കേണ്ട ഗതികേടിലാണ് തിരുവനന്തപുരത്തെ ജീവനക്കാർ.
മൗനം തുടർന്ന് അധികൃതർ
പഴയ കെട്ടിടത്തിലെ സ്ഥലപരിമിതിയും പഴഞ്ചൻ ഉപകരണങ്ങളും സുരക്ഷയൊരുക്കാനുള്ള ബുദ്ധിമുട്ടും ജീവനക്കാർ പലതവണ വ്യക്തമാക്കിയിട്ടും അധികൃതർ മൗനത്തിലാണ്. മാസങ്ങൾക്കു മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിൽ എയർടാഫിക് കൺട്രോൾ ടവറിന്റെ സമയോചിത ഇടപെടലിനെത്തുടർന്ന് വൻദുരന്തം ഒഴിവായിരുന്നു. എയർ അറേബ്യ വിമാനത്തിന്റെ ലാൻഡിംഗിനിടെയായിരുന്നു ഫ്ളൈ ദുബായ് വിമാനം ടാക്‌സിവേ കടന്ന് റൺവേയിലേക്ക് പ്രവേശിച്ചത്. എ.ടി.സി നിർദ്ദേശം ശ്രദ്ധിക്കാതെ ഫ്ളൈ ദുബായ് ടാക്സിവേയിൽ നിന്ന് റൺവേയിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് എ.ടി.സി ജീവനക്കാർ അടിയന്തരമായി പറക്കാൻ എയർ അറേബ്യയ്‌ക്ക് അറിയിപ്പ് നൽകുകയായിരുന്നു.