
തിരുവനന്തപുരം: സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഭൂമിക്കടിയിൽ പൈപ്പുകളും കേബിളുകളും സ്ഥാപിക്കുന്ന പണികൾ നടക്കുന്നതിനാൽ ചാല കൊത്തുവാൾ തെരുവിലെ കൂടുതൽ കടകളുടെ തറ ഇടിഞ്ഞുതാഴ്ന്നു. ഇരുപതോളം കടകളാണ് ഏത് നിമിഷവും ഇടിഞ്ഞു വീഴാമെന്ന സ്ഥിതിയിലായിരിക്കുന്നത്.
അഞ്ചോളം കടകളുടെ പ്ളാറ്റ്ഫോം ഇടിയുന്നതായി ചൂണ്ടിക്കാട്ടി മേയ് 25ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു.പക്ഷേ, അധികൃതർ അനങ്ങിയില്ല. പിന്നാലെയാണ് കൂടുതൽ കടകളുടെ തറ ഇടിയാൻ തുടങ്ങിയത്.
അടിയന്തര പരിഹാരം കാണാമെന്നു പറഞ്ഞുപോയ അധികൃതരെ പിന്നീടാരും കണ്ടിട്ടില്ല. സ്മാർട്ട് സിറ്റി ജോലികൾ നടക്കുന്നതിനാൽ ഈ കടകൾ മാസങ്ങളായി പൂട്ടിയിട്ടിരിക്കുകയാണ്. ഓരോ കടയ്ക്കും നൂറുവർഷത്തിലേറെ പഴക്കമുണ്ട്. ചൊവ്വാഴ്ച സ്മാർട്ട് സിറ്റി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു. തകർന്ന കടകൾ ഉടൻ ശരിയാക്കാമെന്ന് ഉറപ്പുനൽകിയാണ് മടങ്ങിയത്. എന്നാൽ കടകൾ ഇടിയാൻ തുടങ്ങിയപ്പോൾത്തന്നെ അധികൃതരെ അറിയിച്ചിരുന്നെന്ന് വ്യാപാരികൾ പറഞ്ഞു. അപ്പോഴും നന്നാക്കാമെന്ന് ഉറപ്പുനൽകി. സ്മാർട്ട് സിറ്റി പദ്ധതിക്കായി നിർമ്മിച്ച കുഴിയിൽ ഊറ്റും മഴവെള്ളവും കെട്ടിക്കിടക്കുന്നതാണ് കടകളുടെ തറ ഇടിയാൻ കാരണം. വ്യാപാരികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.
അപകടം കൺമുന്നിൽ
സ്മാർട്ട് സിറ്റിക്കായി നിർമ്മിച്ച കുഴിയുടെ അരികത്തായി നിന്ന ഇരുമ്പ് പോസ്റ്റ് തറയിൽ നിന്ന് വിട്ട് വീഴാതെ നിന്നത് ലൈൻ കമ്പികൾ ഉള്ളതിനാൽ. വായുവിൽ നിന്ന പോസ്റ്റിനെ പിന്നീട് രണ്ട് കമ്പികൾ വച്ച് കെട്ടിവച്ചിരിക്കുകയാണ് തൊഴിലാളികൾ. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവിടെ പണികൾ നടക്കുന്നത്. ദിനവും ഇവിടെ അപകടങ്ങളുണ്ടാകാറുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
ഒച്ചിഴയും വേഗം
കഴിഞ്ഞ ഒക്ടോബറിലാണ് കൊത്തുവാൾ തെരുവിൽ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പണി ആരംഭിച്ചത്. ആകെ 369 മീറ്റർ നീളമുള്ള സ്ട്രീറ്റിൽ 100 മീറ്റർ പോലും നിലവിൽ പണി പൂർത്തിയായിട്ടില്ല.