പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പലനടയിൽ 90 കോടി കടന്നു. വിദേശത്തുനിന്നുമാത്രം 34 കോടിക്ക് മുകളിലാണ് നേടിയത്. അവധി ദിവസങ്ങളിൽ കേരളത്തിലെ പ്രദർശനശാലകളിൽ കുടുംബ പ്രേക്ഷകരുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്.ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ ചിത്രം ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുകയാണ് ഉണ്ടായത്. പൃഥ്വിരാജും ബേസിൽ ജോസഫും നിറഞ്ഞു നിൽക്കുന്ന പ്രകടനം തന്നെ കാഴ്ചവച്ചു.
2024 ലെ ഒാപ്പണിംഗ് കളക്ഷനിൽ കേരളത്തിൽനിന്ന് ഗുരുവായൂരമ്പലനടയിൽ മൂന്നാം സ്ഥാനത്താണ്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി ഒന്നാംസ്ഥാനത്താണ്. പൃഥ്വിരാജ്- ബ്ളെസി ചിത്രം ആടുജീവിതം 5.83 കോടിയുമായി രണ്ടാംസ്ഥാനത്തും ഇടംപിടിച്ചു.
ഒരു കല്യാണത്തെ ചുറ്റിപറ്റി ഹ്യൂമർ ട്രാക്കിൽ ഒരുങ്ങിയ ചിത്രത്തിൽ അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, സിജു സണ്ണി, പി.പി. കുഞ്ഞികൃഷ്ണൻ, അഖിലേഷ് കവലയൂർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. ആടുജീവിതത്തിനുപിന്നാലെ നൂറുകോടി ക്ളബിൽ കയറുന്ന പൃഥ്വിരാജ് ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. ദീപു പ്രദീപ് ആണ് രചന. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ഇ ഫോർ എന്റർടെയ്ൻമെന്റ് ബാനറിൽ മുകേഷ് ആർ. മേത്ത , സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം.