
തിരുവനന്തപുരം: മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്ററും തിരുവനന്തപുരം പ്രസ്‌ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ സിബി കാട്ടാമ്പള്ളി (ജോർജ് തോമസ് - 65) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആലപ്പുഴ എടത്വ സ്വദേശിയാണ്.
നാലു പതിറ്റാണ്ടോളം നീണ്ടതായിരുന്നു സിബിയുടെ മാദ്ധ്യമ ജീവിതം. കേരള രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ, ഇടുക്കി തങ്കമണി ഗ്രാമത്തിലെ പൊലീസ് അതിക്രമം പുറംലോകത്തെത്തിച്ചത് സിബിയാണ്. ഗ്രാമീണ റിപ്പോർട്ടിംഗിനുള്ള സ്‌റ്റേറ്റ്സ്‌മാൻ പുരസ്‌കാരം രണ്ടു തവണ ലഭിച്ചു. യു.എസിലെ സ്റ്റാൻഫഡ് സർവകലാശാലയുടെ ജോൺ എസ്. നൈറ്റ് ഫെലോഷിപ്പും യൂറോപ്യൻ കമ്മിഷന്റെ ലോറൻസോ നടാലി പ്രൈസും നേടിയ ഏക മലയാളി പത്രപ്രവർത്തകനാണ്. കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ല പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഭാര്യ: കൊച്ചുറാണി ജോർജ് (മുൻ അദ്ധ്യാപിക, നിർമല ഭവൻ സ്‌കൂൾ, തിരുവനന്തപുരം). മക്കൾ: അമ്മു ജോർജ് (അസി.പ്രൊഫസർ, ക്വീൻസ് യൂണിവേഴ്സിറ്റി ബെൽഫെസ്റ്റ്, യു.കെ), തോമസ് ജോർജ് (സീനിയർ അസോസിയേറ്റ്, ബെയിൻ ആൻഡ് കമ്പനി, ഡൽഹി). മരുമകൻ: അരുൺ പുളിക്കൻ(ഡിസൈൻ മാനേജർ, ലെവിസ്റ്റോക്ക്,സിംഗപ്പൂർ). ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രി വി.ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ അനുശോചിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് 4.30 മുതൽ 5.30 വരെ പ്രസ് ക്ളബിൽ പൊതുദർശനത്തിനുവയ്ക്കും. തുടർന്ന് വട്ടിയൂർക്കാവ് തോപ്പുമുക്കിലെ കാട്ടാമ്പള്ളി വീട്ടിലെത്തിക്കും. സംസ്‌കാരം നാളെ വട്ടിയൂർക്കാവ് സി.എഫ്.എസ് പള്ളിയിലെ ചടങ്ങുകൾക്കുശേഷം നെട്ടയം മലമുകൾ സെമിത്തേരിയിൽ.