
തിരുവനന്തപുരം: വിയ്യൂർ സെൻട്രൽ ജയിലിലെ കാപ്പ കേസ് പ്രതിക്ക് മയക്കുമരുന്ന് വാങ്ങാൻ പണം നൽകിയില്ലെന്ന് ആരോപിച്ച് യുവാവിനെ വീടുകയറി വെട്ടിയ മൂന്ന് പ്രതികൾ പിടിയിൽ. മലയിൻകീഴ് പെരുകാവ് പിടാരം സ്വദേശി ഷമീർ(24), തൃക്കണ്ണാപുരം ഞാലിക്കണം പുതുവൻ പുത്തൻവീട്ടിൽ ഗോകുൽ മഹേന്ദ്രൻ(25), മലയിൻകീഴ് പെരുകാവ് പിടാരം സ്വദേശി വിനീഷ് (24) എന്നിവരെയാണ് പൂജപ്പുര പൊലീസ് അറസ്റ്റുചെയ്തത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. തൃക്കണ്ണാപുരം ടാഗോർറോഡ് ഇടക പള്ളിക്ക് സമീപം ശ്രീവിനായകം വീട്ടിൽ വിവേക് വസന്തനാണ് (23) ആക്രമണത്തിനിരയായത്. വിയ്യൂർ സെൻട്രൽ ജയിലിൽ കാപ്പ കേസിൽ തടവിൽ കഴിയുന്ന ശ്രീജിത്ത് ഉണ്ണി എന്നയാൾക്ക് മയക്കുമരുന്ന് വാങ്ങി നൽകാൻ പണം നൽകാൻ ആവശ്യപ്പെട്ടാണ് പ്രതികൾ എത്തിയതെന്ന് പൊലീസ് പറയുന്നു.
പ്രതികളും വിവേകുമായി മുൻ പരിചയമുണ്ട്. ഇവർ തമ്മിൽ പലപ്പോഴും ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. വിവേകിനോട് പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ വീട്ടിൽക്കയറി വിവേകിനെ ക്രൂരമായി ആക്രമിച്ചത്. വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയും ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. മർദ്ദനത്തിനുശേഷം വിവേകിന്റെ മോട്ടോർ സൈക്കിൾ, 40,000 രൂപ വിലവരുന്ന മൊബൈൽഫോൺ, 7,000 രൂപ അടങ്ങിയ പഴ്സ് എന്നിവ കൈക്കലാക്കി അക്രമികൾ രക്ഷപ്പെട്ടു. വിവേകും ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറയുന്നു. മർദ്ദനമേറ്റ വിവേക് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളിലൊരാളായ
ഗോകുൽ മഹേന്ദ്രൻ ജയിലിൽ നിന്ന് രണ്ട് ദിവസം മുമ്പാണ് ഇറങ്ങിയത്. പിടിയിലായ പ്രതികൾ അടിപിടി, വധശ്രമം, ലഹരിക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ഇവരെ റിമാൻഡ് ചെയ്തു.