
ശംഖുംമുഖം: കട തല്ലിപ്പൊളിച്ച് കടയുടമയെ ആക്രമിച്ച കേസിൽ അച്ഛനും മകനും പിടിയിൽ. പൂന്തുറ എസ്.എം ലോക്ക് സ്വദേശികളായ നിസാം, മകൻ സുധീർ എന്നിവരാണ് പൂന്തുറ പൊലീസിന്റെ പിടിയിലായത്. പൂന്തുറ മാണിക്യവിളാകം സ്വദേശിയായ ഷാഹുൽ ഹമീദ്, എസ്.എം ലോക്കിൽ നടത്തുന്ന ചായത്തട്ടിൽ നിന്ന് ചൊവ്വാഴ്ച വൈകിട്ട് നിസാം ചായ കുടിച്ചു. ചായയുടെ കാശ് ആവശ്യപ്പെട്ടപ്പോൾ കടയുടമയെ മർദ്ദിക്കുകയും ചെയ്തു. ഇവിടെനിന്നും പോയ നിസാം മകനൊപ്പം ആയുധവുമായി എത്തി കട അടിച്ച് തകർക്കുകയും കടയുടമയെ ആക്രമിക്കുകയുമായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയതോടെ ഇരുവരും രക്ഷപ്പെട്ടു. കടയുടമയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ മകനെ മാണിക്യവിളാകത്ത് നിന്നും നിസാമിനെ എറണാകുളം ചേലക്കരയിൽ നിന്നും പിടികൂടി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് നിസാം. എറണാകുളത്ത് പിടിയിലായ ഇയാളെ പുന്തുറ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൂന്തുറ പൊലീസ് പറഞ്ഞു. നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയ ശേഷം ഒളിവിൽ പോവുകയും പിന്നീട് തിരിച്ചെത്തി വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നത് ഇയാളുടെ രീതിയാണെന്നും മയക്കുമരുന്ന് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ ഇതുവരെയും കാപ്പ പോലുള്ള നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു.