തിരുവനന്തപുരം: ചരിത്രത്തെയും ചരിത്ര നായകന്മാരെയും വിസ്മരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ പുരാരേഖകൾ ഭാവി തലമുറയ്ക്കുള്ള അമൂല്യനിധിയാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. അന്താരാഷ്ട്ര ആർക്കൈവ്സ് ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന പുരാരേഖ വകുപ്പ് തിരുവനന്തപുരം ആർക്കൈവ്സ് ഡയറക്ടറേറ്റിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നഗരസഭ നികുതി അപ്പീൽകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പുരാവസ്തുവകുപ്പ് ഡയറക്ടർ ഇ.ദിനേശേൻ, മ്യൂസിയം മൃഗശാലാവകുപ്പ് ഡയറക്ടർ ഇൻ ചാർജ് പി.എസ്.മഞ്ജുളാദേവി, കേരള മ്യൂസിയം എക്സിക്യുട്ടീവ് ഡയറക്ടർ ആർ.ചന്ദ്രൻപിള്ള,ആർക്കൈവ്സ് വകുപ്പ് ഡയറക്ടർ ഇൻ ചാർജ് പാർവതി. എസ്, ആർക്കൈവ്സ് ഡയറക്ടറേറ്റ് ആർക്കിവിസ്റ്റ് അശോക് കുമാർ. ആർ തുടങ്ങിയവർ പങ്കെടുത്തു. ശില്പശാലയിൽ ബംഗളുരു ട്രാൻസ് ഡിസിപ്ലിനറി യൂണിവേഴ്സിറ്റി എമരിറ്റസ് പ്രൊഫസർ ഡോ.ബി.വേണുഗോപാൽ, ആർക്കിടെക്ചറൽ കൺസൾട്ടന്റ് ആര്യ നരേന്ദ്രൻ എന്നിവർ വിഷയാവതരണം നടത്തി.