തിരുവനന്തപുരം: മഴ കടുത്തതോടെ വെള്ളപ്പൊക്ക ദുരിതത്തിൽ വശംകെട്ട് കണ്ണമ്മൂല,ഗൗരീശപട്ടം,​പാറ്റൂർ,മൂലവിളാകം നിവാസികൾ. ആമയിഴഞ്ചാൻ തോട്ടിലെ ജലനിരപ്പ് ഉയരുന്നതാണ് ഇവരുടെ ആശങ്കയുയർത്തുന്നത്. കനത്ത മഴ പെയ്താൽ ഏതുനിമിഷവും വെള്ളംപൊങ്ങുകയും വീടുകളിലടക്കം വെള്ളം കയറുകയും ചെയ്യുന്നതാണ് ഇവരെ ദുരിതത്തിലാക്കുന്നത്.

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കാത്തതാണ് വെള്ളപ്പൊക്കത്തിനുള്ള പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു.മാലിന്യം നീക്കുന്നുണ്ടെന്ന് നഗരസഭ അധികൃതർ പറയുന്നുണ്ടെങ്കിലും ശാശ്വത പരിഹാരമെന്ന നിലയിൽ ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് പാറ്റൂർ മൂലവിളാകം പൗരസമിതി പ്രസിഡന്റ് സി.വി.സുരേന്ദ്രൻ പറഞ്ഞു. ഇടയ്ക്കിടയ്ക്ക് തോട്ടിൽ നിന്നുള്ള മാലിന്യവും മണ്ണും കോരി കരയിൽവച്ചിട്ടു പോകും.മഴ പെയ്യുന്നതോടെ തിരികെ തോട്ടിലേക്കു തന്നെ വീഴുമെന്നും അദ്ദേഹം പറഞ്ഞു.

വേനൽമഴയുടെ പശ്ചാത്തലത്തിൽ നഗരസഭ ആക്ഷൻപ്ലാൻ തയ്യാറാക്കുകയും സ്ക്വാഡ് രൂപീകരിച്ച് മഴക്കാല പൂ‌ർവ ശുചീകരണം നടത്തുകയും ചെയ്തെങ്കിലും ഫലപ്രദമായില്ല.