
വിഴിഞ്ഞം: ബന്ധുക്കൾ അരമണിക്കൂർ വ്യത്യാസത്തിൽ കുഴഞ്ഞ് വീണ് മരിച്ചു. വിഴിഞ്ഞം തെരുവ് നെല്ലിമൂട്ട് വിള വീട്ടിൽ അനിൽകുമാർ (53),രാമാനുജൻ(53) എന്നിവരാണ് മരിച്ചത്. അനിൽകുമാറിന്റെ അച്ഛന്റെ സഹോദരിയുടെ മകനാണ് രാമാനുജൻ. ഇരുവരും ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇന്നലെ രാത്രി 10.30 ഓടെ അനിൽകുമാറിന് ശ്വാസതടസമുണ്ടായതിനെ തുടർന്ന് വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകവെ കുഴഞ്ഞ വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് ഒപ്പമുണ്ടായിരുന്ന രാമാനുജൻ കുഴഞ്ഞുവീണു. രാമാനുജനെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും പോകുന്ന വഴി 11 ഓടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇരുവരും ബ്യൂട്ടി സലൂൺ നടത്തുകയായിരുന്നു. ബിന്ദുവാണ് അനിൽ കുമാറിന്റെ ഭാര്യ. മക്കൾ: അപർണ്ണ, അതിര, അഖില. സന്ധ്യയാണ് രാമാനുജന്റെ ഭാര്യ. മക്കൾ: വിഷ്ണു, കാവ്യ. ഇരുവരുടെയും മൃതദേഹം മുട്ടത്തറ മോക്ഷകവാടത്തിൽ സംസ്കരിച്ചു. സഞ്ചയനം ഞായർ 9ന്.