a

കടയ്ക്കാവൂർ: നവീകരണത്തിന്റെ പേരിൽ ചെക്കാലവിളാകം മാർക്കറ്റ് പൊളിച്ചിട്ട് നാളുകളായി. എന്നാൽ പണി ഇതുവരെ തുടങ്ങാത്തതോടെ കച്ചവടക്കാരെല്ലാം പെരുവഴിയിലാണ്. മാർക്കറ്റ് ആധുനിക രീതിയിൽ നവീകരിക്കണമെന്ന് പറഞ്ഞാണ് കച്ചവടക്കാരെ ഒഴുപ്പിച്ചത്. ഉടനെ മാർക്കറ്റിന്റെ പണി ആരംഭിക്കുമെന്നും ഇപ്പോൾ കച്ചവടം ചെയ്തുകൊണ്ടിരിക്കുന്നവർക്ക് മുൻഗണനാക്രമത്തിൽ സ്റ്റാളുകൾ നൽകുമെന്നും അന്ന് വാഗ്ദാനം നൽകിയിരുന്നു. പിന്നീട് രണ്ട് വർഷം കഴിഞ്ഞിട്ടും കച്ചവടം മാത്രം നടന്നില്ല. വളരെ വീതികുറഞ്ഞ റോഡിന്റെ ഇരുവശങ്ങളിലുമായാണ് ഇപ്പോൾ കച്ചവടം.

അനവധി സർവീസ് ബസുകളും മറ്റു വാഹനങ്ങളാലും വളരെ തിരക്കുള്ള റോഡാണിത്. ഇരുവശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കടന്നുപോകാൻ വളരെ ബുദ്ധിമുട്ടുന്നു. പലപ്പോഴും ചെറിയ അപകടങ്ങൾക്കു പോലും ഇടവരുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പക്ഷേ വർഷം രണ്ട് കഴിഞ്ഞിട്ടും പണി ആരംഭിക്കപോലും ചെയ്തിട്ടില്ല.

കുടിയിറക്കി, നിർമ്മാണം മാത്രമില്ല

ശക്തമായ മഴ നനഞ്ഞും കഠിനമായ വെയിൽ കൊണ്ടുമാണ് കച്ചവടക്കാർ റോഡിന്റെ ഇരുവശവും നിരന്നിരുന്ന് കച്ചവടം നടത്തുന്നത്. മഴ കാരണമാണ് പണി തുടങ്ങാത്തതെന്നും മഴ മാറിയാൽ പണി ഉടനെ തുടങ്ങുമെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു. കിഫ്ബി ഫണ്ടിൽ നിന്നു രണ്ടുകോടി അറുപത്തിയഞ്ച് ലക്ഷത്തി എഴുപത്തി മൂവായിരം രൂപ മാർക്കറ്റ് നവീകരണത്തിനായി അനുവദിച്ചെങ്കിലും കച്ചവടക്കാരെ കുടിയിറക്കി വർഷങ്ങൾ പിന്നിട്ടിട്ടും യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. പകരം സംവിധാനമൊരുക്കാതെ കച്ചവടക്കാരെ ഒഴിപ്പിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.