
മുടപുരം: കൊവിഡുകാലത്ത് നിറുത്തലാക്കിയ ട്രെയിനുകൾക്ക് പെരുങ്ങുഴി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും സ്റ്റേഷനിൽ ഫുട്ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്നുമുള്ള ആവശ്യം ശക്തം.
കൊവിഡ് വ്യാപനത്തെ തുടന്ന് നിറുത്തിവച്ച സർവീസുകൾ പുനഃക്രമീകരിച്ചപ്പോൾ മധുര - പുനലൂർ,പുനലൂർ - മധുര,നാഗർകോവിൽ - കോട്ടയം എന്നീ ട്രെയിനുകളുടെ പെരുങ്ങുഴി റെയിൽവേ സ്റ്റേഷനിലെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കാത്തത് യാത്രക്കാരുടെ ദുരിതം വർദ്ധിപ്പിച്ചു.
വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഏറെ പ്രയോജനകരമായിരുന്നു ഈ സർവീസുകൾ. കെ.എസ്.ആർ.ടി.സി സർവീസുകൾ തീരെ കുറവുള്ള പെരുങ്ങുഴിയിൽ ഈ പാസഞ്ചർ ട്രെയിനുകൾ കൂടി നിറുത്തലാക്കിയതോടെ യാത്രാദുരിതം വർദ്ധിച്ചു.
കയർത്തൊഴിലാളികൾ,തീരദേശവാസികൾ തുടങ്ങി നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഈ സ്റ്റേഷന് വേണ്ടത്ര പ്രാധാന്യവും പരിഗണനയും റെയിൽവേ നൽകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഫുട് ഒാവർ ബ്രിഡ്ജ് വേണം
സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി പ്ലാറ്റ് ഫോമുകൾക്ക് പൊക്കവും നീളവും വർദ്ധിപ്പിച്ചെങ്കിലും ഫുട് ഓവർബ്രിഡ്ജ് നിർമ്മാണം നടത്താത്തത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ഫുട് ഓവർബ്രിഡ്ജ് നിർമ്മിക്കാത്തതുകാരണം ഒരു പ്ലാറ്റ്ഫോമിൽ നിന്ന് മറ്റേ പ്ലാറ്റ്ഫോമിൽ എത്തണമെങ്കിൽ ഒരു കിലോമീറ്റർ ചുറ്റേണ്ട അവസ്ഥയാണ്. വൃദ്ധർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
സീസൺ ടിക്കറ്റെടുക്കാനും വയ്യ
യാത്രക്കാർക്ക് സീസൺ ടിക്കറ്റെടുക്കാനുള്ള സൗകര്യമില്ലാത്തത് പെരുങ്ങുഴി സ്റ്റേഷന്റെ മറ്റൊരു പോരായ്മയാണ്.ഇതുമൂലം വിദ്യാർത്ഥികളും സ്ഥിരം യാത്രക്കാരും സീസൺ ടിക്കറ്റ് എടുക്കാൻ മറ്റ് സ്റ്റേഷനുകളെ ആശ്രയിക്കേണ്ടിവരുന്നു.
സിഗ്നൽ സിസ്റ്റവും ഇല്ല
പെരുങ്ങുഴി റെയിൽവേ ഗേറ്റിൽ സിഗ്നൽ സിസ്റ്റമില്ലാത്തത് ഈ ഗേറ്റു വഴിയുള്ള വാഹന യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നു.വിവിധ സ്ഥലങ്ങളിൽ പോകേണ്ടവർ ഗേറ്റിന് ഇരുവശത്തുമായി ഏറെ നേരം കാത്തുകിടക്കേണ്ടി വരുന്നുണ്ട്.