തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ പൈപ്പ് ലൈൻ വഴി പാചകവാതകം വിതരണം ചെയ്യുന്ന സിറ്റി ഗ്യാസ് പദ്ധതി പേരൂർക്കട സോപാനം ഷോപ്പിംഗ് കോപ്ലക്സിന് മുന്നിൽ ഇന്ന് വൈകിട്ട് ആറിന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തിൽ 12,​000 വീടുകളിൽ കണക്ഷൻ എത്തും. പൊതുമേഖല സ്ഥാപനമായ എച്ച്.എൽ.എല്ലിലേക്കും ആദ്യഘട്ടത്തിൽ പൈപ്പിലൂടെ ഗ്യാസ് എത്തും. 120 കോടി ചെലവിലാണ് മണ്ഡലത്തിൽ പദ്ധതി നടപ്പാക്കുന്നത്.

ചടങ്ങിൽ വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മേയർ ആര്യ രാജേന്ദ്രൻ,​ ഡെപ്യൂട്ടി മേയർ പി.കെ.രാജു,​ ട്രിഡ ചെയർമാൻ കെ.സി.വിക്രമൻ,​ എ.ജി.പി ആൻഡ് പി പ്രഥം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ചിരദീപ് ദത്ത എന്നിവർ പങ്കെടുക്കും.

60 കി. മീ ദൂരം

10 വാർഡുകളിലായി 60 കിലോമീറ്റർ ദൂരത്തിലാണ് സിറ്രിഗ്യാസ് പദ്ധതിക്കായി പൈപ്പ് സ്ഥാപിച്ചത്. പൈപ്പ് കണക്ഷനിലൂടെ ഉപഭോക്താക്കൾക്ക് 10 മുതൽ 20 ശതമാനം വരെ സാമ്പത്തിക ലാഭമുണ്ടാകും. ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട കാര്യവുമില്ല. വീടുകളിൽ ഇതിന്റെ മീറ്റർ ഘടിപ്പിച്ചു. റീഡിംഗ് അനുസരിച്ചാണ് പണം അടയ്‌ക്കേണ്ടത്. വെൺപാലവട്ടത്തെ പ്ലാന്റിൽ നിന്നാണ് വീടുകളിലേക്ക് വാതകം എത്തിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷയാണ് മറ്റൊരു മേന്മ.

ചെലവ് 6,000 രൂപ

കണക്ഷന് ഡെപ്പോസിറ്റ് തുകയടക്കം 6,000 രൂപയാണ് ചെലവ്. 600 രൂപ ഡെപ്പോസിറ്റ്. ഇത് പ്രതിമാസം 250 രൂപ വച്ച് ബില്ലിൽ നിന്ന് ഈടാക്കും. സിലിണ്ടർ ഗ്യാസിനെക്കാൾ 15 മുതൽ 20 ശതമാനം വരെ വില വ്യത്യാസമുണ്ടാകും.

കണക്ഷൻ ഇവിടെയൊക്കെ

പട്ടം, മുട്ടട, കേശവദാസപുരം, കുറവൻകോണം, കവടിയാർ, പേരൂർക്കട, നന്ദൻകോട്, ശാസ്തമംഗലം, കാഞ്ഞിരംപാറ,​ കണ്ണമ്മൂല. മെഡിക്കൽ കോളേജ്, നാലാഞ്ചിറ വാർഡുകളുടെ ഒരുഭാഗം.

പ്ലാന്റിന് പുറമെ 4 ടാങ്കുകൾ

എ.ജി ആൻഡ് പി പ്രഥം ആണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചുവേളിയിലെ പ്ലാന്റിന് പുറമെ 56 കിലോലിറ്റർ ശേഷിയുള്ള നാല് ടാങ്കുകളുണ്ട്. പ്ലാന്റിലെ പ്രവൃത്തികൾക്കുശേഷം 'കുറഞ്ഞ പ്രഷർ, മീഡിയം പ്രഷർ, ഉയർന്ന പ്രഷർ" എന്നിങ്ങനെ മൂന്ന് വിധത്തിലുള്ള ഗ്യാസാണ് ലഭിക്കുന്നത്. കുറഞ്ഞ പ്രഷറിലുള്ള വാതകമാണ് വീടുകൾക്ക് നൽകുന്നത്. മീഡിയം പ്രഷർ ലൈനുകൾ വിദൂരത്തേക്ക് ഗ്യാസ് എത്തിക്കാനാണ് ഉപയോഗിക്കുക.