
തിരുവനന്തപുരം: നഗരഹൃദയത്തിലെ ക്യാപ്ടൻ ലക്ഷ്മി പാർക്കിലെത്തിയാൽ കുട്ടികൾക്ക് നിരാശയോടെ മടങ്ങേണ്ടി വരും. കനകക്കുന്ന് കൊട്ടാരത്തിനും മ്യൂസിയത്തിനും എതിർവശം സ്ഥിതിചെയ്യുന്ന ക്യാപ്ടൻ ലക്ഷ്മി പാർക്കിൽ മഴക്കാലമായതോടെ കളിക്കാനുള്ള ഉപകരണങ്ങൾക്ക് കീഴെ ചെളി കെട്ടിക്കിടക്കുകയാണ്. സന്ദർശകരെ ആകർഷിക്കാൻ നിർമ്മിച്ച മൂന്ന് വെള്ളച്ചാട്ടങ്ങളിലും പൂളിന്റെ മാതൃകയിലുള്ള സ്ഥലങ്ങളിലും വെള്ളം കെട്ടി നിൽക്കുന്നതിനാൽ കൊതുകുവളർത്തൽ കേന്ദ്രമായി പാർക്ക് മാറി. മരങ്ങളിൽ നിന്ന് വീഴുന്ന കരിയിലയും സന്ദർശകർ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പാർക്കിന്റെ മനോഹാരിത നഷ്ടപ്പെടുത്തുന്നു. കുടിവെള്ള കിയോസ്ക് വൃത്തിയാക്കിയിട്ട് ദിവസങ്ങളായി. കുട്ടികൾക്കായി രണ്ട് ടോയ്ലെറ്റുകൾ ഇവിടെയുണ്ടെങ്കിലും ഇതിൽ ഒരെണ്ണം തുറക്കാറില്ല. ഉപയോഗപ്രദമായ ഒരെണ്ണത്തിന് വാതിലുമില്ല, ഇടയ്ക്കിടയ്ക്ക് വെള്ളം നിന്നു പോകുന്നതും പതിവാണ്. കുട്ടികൾക്ക് പുറമേ, മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുന്നവരും കനകക്കുന്നിൽ നടക്കാനെത്തുന്നവരും പകൽ സമയങ്ങളിൽ ഇവിടെ വന്നിരിക്കാറുണ്ടെങ്കിലും പൊടിപിടിച്ച ഇരിപ്പിടങ്ങൾ ഇവരെയും പിന്നോട്ടുവലിക്കുന്നു.
പദ്ധതിയുണ്ട്, പക്ഷേ...
ഏറെനാൾ അവഗണിക്കപ്പെട്ടിരുന്ന പാർക്ക് 2022ലാണ് നവീകരിച്ചത്. സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരപോരാളിയായിരുന്ന ക്യാപ്ടൻ ലക്ഷ്മിയുടെ പേര് പാർക്കിന് നൽകുകയായിരുന്നു. പാർക്കിനോടുള്ള അവഗണന ക്യാപ്ടൻ ലക്ഷ്മിയോടുള്ള അനാദരവാണെന്നും സന്ദർശകരിൽ ചിലർ ചൂണ്ടിക്കാട്ടി. നഗരസഭയുടെ കീഴിലുള്ള പാർക്ക് സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 1.92 കോടി ചെലവാക്കിയാണ് നവീകരിച്ചത്. പാളയം വാർഡിലുൾപ്പെടുന്ന പാർക്ക് നഗരസഭയ്ക്ക് നവീകരിച്ച് കൈമാറാനിരിക്കുകയാണെന്നും സ്മാർട്ട് സിറ്റി കരാറുനൽകിയ ഏജൻസികൾക്കാണ് പരിപാലനച്ചുമതലയെന്നും സ്മാർട്ട് സിറ്റി അധികൃതർ അറിയിച്ചു.
നവീകരണപദ്ധതി
ഓപ്പൺ ജിം
ലാൻഡ്സ്കേപ്പിംഗ്
ഫുഡ് കിയോസ്ക്
സ്കേറ്റിംഗ് ഏരിയ
ചെലവ് 1.92 കോടി
പാർക്ക് നവീകരിച്ചപ്പോൾ ഏറെ സന്തോഷിച്ചു. എന്നാൽ വെള്ളം കെട്ടിക്കിടക്കുന്നത് ജലജന്യ രോഗങ്ങൾക്ക് കാരണമാവാം.
പ്രകാശ്, രക്ഷാകർത്താവ്
എത്രയുംവേഗം പ്രശ്നം സ്മാർട്ട്സിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തും.
പാളയം രാജൻ,
പാളയം വാർഡ് കൗൺസിലർ