photo

നെടുമങ്ങാട് : വിനോദസഞ്ചാര പദ്ധതികൾക്കായി പണം അനുവദിക്കുന്നതിൽ സർക്കാരിന് തെല്ലൊട്ട് പിശുക്കില്ലെങ്കിലും തലസ്ഥാനത്തെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ അരുവിക്കരയിൽ ടൂറിസം വികസനം കരതൊടുന്നില്ല. എം.പി വകയായും ടൂറിസം വകുപ്പ് മുഖേനയും തദ്ദേശ സ്ഥാപനങ്ങൾ വഴിയും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അരുവിക്കരയിൽ ചെലവിട്ടത് മൂന്ന് കോടിയിലേറെ രൂപയാണ്. ഇപ്പോഴും സന്ദർശകർക്ക് മൂത്രശങ്ക തീർക്കണമെങ്കിൽ പെരുവഴി തന്നെ ശരണം ! തികഞ്ഞ കെടുകാര്യസ്ഥതയുടെ മികച്ച ഉദാഹരണമായി മാറുകയാണ് അരുവിക്കര ടൂറിസം വികസനം. വാട്ടർ അതോറിട്ടിയുമായി മല്ലയുദ്ധം നടത്തി ലഭ്യമായ സ്ഥലത്ത് ജില്ലാ പഞ്ചായത്ത് മുൻ ഭരണസമിതി നിർമ്മിച്ച 'വഴിയമ്പലം" 2019ൽ സന്ദർശകർക്കായി തുറന്നുകൊടുത്തെങ്കിലും കഴിഞ്ഞ നാല് വർഷമായി അടച്ചിട്ട നിലയിലാണ്. നിർമ്മിതി മോഡലിൽ ഡി.ടി.പി.സി പണി കഴിപ്പിച്ച വിശ്രമമന്ദിരവും കാടുകയറി. വൈദ്യുതി, വാട്ടർ ബില്ലുകൾ ഒടുക്കിക്കൊള്ളാമെന്ന ഉറപ്പിന്മേൽ പഞ്ചായത്ത് ഏറ്റെടുത്ത വിശ്രമ കേന്ദ്രങ്ങളാണ് വഴിവക്കിൽ അനാഥമായത്. സ്വന്തം പാർട്ടിക്കാർക്ക് മാത്രമേ 'വഴിയമ്പലം" നടത്തിപ്പിന് കരാർ നൽകൂവെന്ന ലോക്കൽ നേതാക്കളുടെ പിടിവാശിയും തിരിച്ചടിയായിട്ടുണ്ട്. ഡാമിനു സമീപം കുട്ടികൾക്കായി നിർമ്മിച്ച ശിവ പാർക്കിന്റെ സ്ഥിതിയും മറിച്ചല്ല. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ കളിക്കോപ്പുകൾ നാമാവശേഷമായി. പാർക്കും പരിസരവും കാട് മൂടിയിട്ടും അധികൃതർ മൗനം പാലിക്കുകയാണിപ്പോഴും.

 5 വർഷം, അരുവിക്കരയെ ആകർഷകമാക്കാൻ ചെലവിട്ടത് ...

ടൂറിസം വകുപ്പ് - 1.71 കോടി

ജില്ലാപഞ്ചായത്ത് - 61 ലക്ഷം

വഴിയമ്പലം പദ്ധതി - 22.5 ലക്ഷം

ഗ്രാമപഞ്ചായത്ത് - 25 ലക്ഷം

ഉരുണ്ടുകളിയിൽ തകിടം മറിഞ്ഞ് ...

വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് സന്ദർശകരാണ് നിത്യവും അരുവിക്കര സന്ദർശിക്കുന്നത്. സായാഹ്നങ്ങളിൽ പ്രദേശവാസികളും കുടുംബസമേതം അരുവിക്കരയിലെത്തും. ഓണം വാരാഘോഷവേളയിലും പിതൃതർപ്പണ ദിനത്തിലും ദൂരെ സ്ഥലങ്ങളിൽ നിന്നും ഇവിടെയെത്തുന്നവർ പരക്കം പായുന്നത് പതിവ് കാഴ്ചയാണ്. വാട്ടർഅതോറിട്ടിയുടെ ഉടമസ്ഥതയിലുള്ള പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന നിലപാടാണ് വികസനത്തെ പിന്നോട്ടടിക്കാൻ പ്രധാന കാരണം. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും നടത്തിയ നിരന്തര ചർച്ചകളിൽ വാട്ടർ അതോറിട്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറായപ്പോൾ പഞ്ചായത്തും ഡി.ടി.പി.സിയും പിന്നീട് ഉരുണ്ടുകളിക്കാൻ തുടങ്ങി.

ഹൃദ്യം, വഴിയമ്പലം

വിശാലമായ മുറ്റവും പ്രവേശന കവാടവുമുള്ള തറയോട് പാകിയതും ചുറ്റുവേലി സ്ഥാപിച്ചതുമായ വഴിയമ്പലം ഏറെ മനോഹരമാണ്. സുരക്ഷിതമായി കുളിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യമുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായി 4 ശൗചാലയങ്ങൾ, 2 കുളിമുറികൾ, മുലയൂട്ടുന്നതിനും വസ്ത്രം മാറുന്നതിനുമായി വനിതകളുടെ വിശ്രമമുറി, കഫ്റ്റീരിയ കൗണ്ടർ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് വി.കെ.മധുവിന്റെ കാലത്താണ് വഴിയമ്പലം പണിതത്.ശുചിത്വ മിഷന്റെ മാർഗനിർദ്ദേശമനുസരിച്ച് വഴിയമ്പലം പ്രവർത്തിപ്പിക്കാൻ നടപടി വേണമെന്ന് വിവിധ കേന്ദ്രങ്ങളിൽ നിന്നായി ആവശ്യമുയർന്നിട്ടുണ്ട്. കുടുംബശ്രീക്ക് കൈമാറിയാൽ നിരവധി കുടുംബങ്ങൾക്ക് ഉപജീവനത്തിന് സഹായകമാവുന്ന ഒന്നാണിത്.

വാട്ടർ അതോറിട്ടിയും ടൂറിസം പ്രൊമോഷൻ കൗൺസിലും പരസ്പരം പഴിചാരി അരുവിക്കരയുടെ വിനോദസഞ്ചാര വികസനത്തെ പിന്നോട്ടടിക്കുകയാണ്. പ്രശ്നത്തിൽ കേന്ദ്ര - സംസ്ഥാന ടൂറിസം മന്ത്രിമാർ ഇടപെടണം.

--കളത്തറ മധു

പഞ്ചായത്ത് മുൻ പ്രസിഡന്റ്