കോവളം: ഒരിടവേളയ്ക്കു ശേഷം ബൈപ്പാസിൽ വീണ്ടും ബൈക്ക് റേസിംഗ് സംഘങ്ങൾ സജീവമായതിനെത്തുടർന്ന് പൊലീസ് പരിശോധന കർശനമാക്കി. അപകടകരമായും ഉഗ്രശബ്ദത്തോടുകൂടിയും നിരത്തിലിറങ്ങിയ മൂന്ന് റേസിംഗ് ബൈക്കുകളെ എം.വി.ഡിയുടെ സഹായത്തോടെ കഴിഞ്ഞ ദിവസം തിരുവല്ലം പൊലീസ് പിടികൂടിയിരുന്നു. അടുത്തിടെ കോവളം വാഴമുട്ടത്ത് ബൈക്ക് റേസിംഗിനിടെയുണ്ടായ അപകടത്തിൽ വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചിരുന്നു. മാസങ്ങൾക്കു മുമ്പ് ബൈപ്പാസിൽ ബൈക്കുകളുടെ മത്സരയോട്ടത്തിൽ രണ്ട് യുവാക്കളും മരിച്ചിരുന്നു.
തിരുവല്ലം- കോവളം ബൈപ്പാസിലാണ് ബൈക്ക് റേസിംഗ് സംഘങ്ങൾ സജീവമായിരിക്കുന്നത്. സ്‌പോർട്‌സ് ബൈക്കുകളും സൂപ്പർ ബൈക്കുകളും ഉൾപ്പെടെയുള്ളവയാണ് ഇവിടെ മത്സരയോട്ടം നടത്തുന്നത്. വഴിയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും വലിയ ഭീഷണിയാണ് ഇക്കൂട്ടർ സൃഷ്ടിക്കുന്നത്. അപകടങ്ങളും പതിവാണ്.