sreejesh-

തിരുവനന്തപുരം/ വ‌ർക്കല: സ്വന്തമായൊരു കൂരയെന്ന സ്വപ്നവുമായി പ്രവാസ ജീവിതത്തിന്

ഇറങ്ങിത്തിരിച്ച വർക്കല ഇടവ സ്വദേശി ശ്രീജേഷിന് വീടിന്റെ അടിത്തറയ്ക്കരികിലായി അമ്മയോടൊപ്പം അന്ത്യവിശ്രമം. അമ്മ ശ്രീദേവി 15 വർഷം മുമ്പാണ് മരിച്ചത്. അച്ഛൻ തങ്കപ്പൻ നായർ കഴിഞ്ഞ വർഷം വരെ കൂടെയുണ്ടായിരുന്നെങ്കിലും പിന്നീട് കാണാതെയായി. അതിനുശേഷം അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ല. അമ്മയുടെ മരണശേഷം ശ്രീജേഷിന് താങ്ങും തണലുമായത് സഹോദരി ആരതിയായിരുന്നു.

ഒരാഴ്ച മുമ്പുവരെ കൂടെയുണ്ടായിരുന്ന ചേട്ടന് നിലയ്ക്കാത്ത കണ്ണീരോടെയാണ് ആരതി വിട നൽകിയത്. അബുദാബിയിലായിരുന്ന ആരതിയും ഭർത്താവ് രാജേഷും ഇന്നലെ രാവിലെയാണ് നെടുമ്പാശേരിയിലെത്തിയത്. അവിടെനിന്ന് ചേതനയറ്റ ചേട്ടനോടൊപ്പം വീട്ടിലേക്ക് യാത്ര തിരിച്ചെങ്കിലും നടപടികൾ പൂർത്തിയാക്കാനായി തിരികെ പോകേണ്ടി വന്നതിനാൽ ഒന്നര മണിക്കൂറോളം വൈകിയാണ് വീട്ടിലെത്തിയത്. വീട്ടിലെത്തി സഹോദരനെ അവസാനമായി കണ്ടപ്പോഴും അന്ത്യകർമ്മം നടക്കുമ്പോഴും സങ്കടം സഹിക്കവയ്യാതെ കരഞ്ഞു തളർന്ന് ആരതി മോഹാലസ്യപ്പെട്ടു.

പൊലീസ് അകമ്പടിയിൽ വൈകിട്ട് 4.30ഓടെയാണ് ശ്രീജേഷിന്റെ മൃതദേഹം സഹോദരീഭർത്താവ് രാജേഷിന്റെ ഇലകമൺ കെടാകുളം വസന്തം വീട്ടിലെത്തിച്ചത്. ഡെപ്യൂട്ടി കളക്ടർ ആർ.രാജലക്ഷ്മിയും തഹസിൽദാർ എം.എം.അസീഫ് രെജു, അസിസ്റ്റന്റ് കമ്മീഷണർ ദീപക് ധൻകർ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. വ‌ർക്കല താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. അനുജ അസീസിന്റെ സാന്നിദ്ധ്യത്തിൽ എംബാം ചെയ്തിരുന്ന ബോക്സ് തുറന്ന് മൃതദേഹം പുറത്തെടുത്തു. അവിടെ പൊതുദ‍ർശനത്തിനുശേഷം ഇടവ പാറയിൽ മൂടില്ലാവിളയിൽ കാട്ടുവിള വീട്ടിലെത്തിച്ച് രാത്രി ഏഴരയോടെ സംസ്കരിച്ചു. രാജേഷാണ് കർമ്മങ്ങൾ ചെയ്തത്. സംസ്ഥാന സർക്കാരിനുവേണ്ടി കളക്ടർ ജെറോമിക് ജോർജ്, അസിസ്റ്റന്റ് കളക്ട‌ർ സാക്ഷി മോഹൻ, വി.ജോയി എം.എൽ.എ എന്നിവരും റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണും അന്തിമോപചാരം അർപ്പിച്ചു. അടിയന്തര സഹായമായി സംസ്ഥാന സർക്കാർ നൽകിയ 10,000 രൂപയും കൈമാറി. വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി, ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സൂര്യ, ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് എന്നിവരും മറ്റ് ജനപ്രതിനിധികളും എത്തിയിരുന്നു.

'ആ ഹിമകണം വിട്ടകന്നു"

'മഞ്ഞിൽ വിരിഞ്ഞ ഹിമകണമായി നിന്റെ ജീവിതത്തെ കൈ പിടിച്ചുയർത്താൻ ഞാൻ എന്നും ഉണ്ടാവും..." ആരതിയുടെ ഓട്ടോഗ്രാഫിൽ ശ്രീജേഷ് കുറിച്ചിട്ട വരികളാണിത്. ഒടുവിൽ ആരതിയെ തനിച്ചാക്കി ശ്രീജേഷ് യാത്രയായി. ശ്രീജേഷിനെ ജോലിക്കായി അബുദാബിയിൽ എത്തിക്കുന്നത് ആരതിയും ഭർത്താവ് രാജേഷുമാണ്. ദുബായിലെ ക്യാരിഫോർ സൂപ്പർ മാർക്കറ്റിൽ അഞ്ചുവർഷത്തോളം ജോലി ചെയ്തു. മഞ്ഞപ്പിത്തം പിടിപെട്ടതിനെത്തുടർന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. അപ്പോഴാണ് മോഹം തോന്നിയത്. അമ്മയെ അടക്കിയ സ്ഥലത്തിന് സമീപം ഏഴ് സെന്റിൽ വീട് നിർമ്മാണം ആരംഭിച്ചു. ഫൗണ്ടേഷൻ പൂർത്തിയാക്കിയെങ്കിലും കൂടുതൽ പണം ആവശ്യമായതിനാൽ സൗദി അറേബ്യയിലെ മെക്കാനിക്കൽ കമ്പനിയിൽ വീൽ അലെയ്ൻമെന്റ് വിഭാഗത്തിൽ ഒരു വർഷത്തോളം ജോലി നോക്കി. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് വീണ്ടും നാട്ടിലെത്തി. അഞ്ചുമാസമായി നാട്ടിലുണ്ടായിരുന്നു. വീട് പണി പൂർത്തിയാക്കാനാണ് തൊഴിൽ വിസയിൽ ഇക്കഴിഞ്ഞ 6ന് കുവൈറ്റിലേക്ക് പോയത്.

സീതമ്മയ്ക്കരികിലേക്ക്

അമ്മയുടെ വേർപാടാണ് ശ്രീജേഷിനെ ഏറ്റവും കൂടുതൽ ഉലച്ചത്. ശ്രീദേവിയെന്നാണ് അമ്മയുടെ പേരെങ്കിലും സ്നേഹത്തോടെ സീതമ്മയെന്നാണ് വിളിച്ചിരുന്നത്. അച്ഛന്റെ കുടുംബവീടായ കുരയ്ക്കണ്ണി വാലത്തിൽ വീട്ടിലായിരുന്നു ബാല്യം. ശിവഗിരി ശ്രീനാരായണ കോളേജിൽ ബിരുദ പഠനത്തിനിടെയാണ് അമ്മയുടെ വിയോഗം. പിന്നീട് സഹോദരിയോടും അമ്മയുടെ മാതാപിതാക്കളായ കുട്ടപ്പകുറുപ്പ്- ദേവകിയമ്മ എന്നിവരുടെ സംരക്ഷണയിൽ ഇടവ പാറയിൽ കാട്ടുവിള വീട്ടിൽ താമസിച്ചു. പരവൂർ ഐ.ടി.സിയിൽ നിന്ന് മെക്കാനിക്കൽ ട്രേഡിൽ ഡിപ്ലോമ കരസ്ഥമാക്കി. പാറയിൽ ദേശസേവിനി ഗ്രന്ഥശാലയിലും ശ്രീകൃഷ്ണപുരം ബ്രദേഴ്സ് ക്ലബിലും സജീവമായിരുന്നു.