photo

തിരുവനന്തപുരം: സ്‌മാർട്ട് സിറ്റി അധികൃതർ നൽകിയ ഉറപ്പും പാഴായി.സ്കൂൾ തുറന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ചാല ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഗ്രൗണ്ട് പൂർവസ്ഥിതിയിലായില്ല. പഴയതുപോലെ ചെളിക്കുളമായിത്തന്നെ കിടക്കുകയാണ്. സ്മാർട്ട് സിറ്റി റോഡ് നിർമ്മാണത്തിന്റെ ഭാഗമായുള്ള മെറ്റലുകൾ സൂക്ഷിച്ചിരിക്കുന്നത് ഈ ഗ്രൗണ്ടിലാണ്. ദിവസേന ലോറിയും ജെ.സി.ബിയുമടക്കം വലിയ വാഹനങ്ങൾ കയറിയിറങ്ങുന്നതാണ് ഗ്രൗണ്ട് ചെളിക്കുളമാകാൻ കാരണം.

സ്കൂൾ തുറക്കുന്നതിനു മുൻപ് ഗ്രൗണ്ട് പൂർവസ്ഥിതിയിലാക്കുമെന്ന് സ്മാർട്ട് സിറ്റി അധികൃതർ സ്കൂൾ മാനേജ്മെന്റിന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ നാളിതുവരെ നടപടിയുണ്ടായിട്ടില്ല.

സ്കൂൾ തുറക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഗ്രൗണ്ടിന്റെ മുൻവശത്ത് മണ്ണിട്ട് നികത്തിയിരുന്നു. എന്നാൽ പിന്നീട് പെയ്ത മഴയും വാഹനങ്ങളുടെ യാത്രയും ഗ്രൗണ്ടിന്റെ സ്ഥിതി കൂടുതൽ മോശമാക്കി. ഗ്രൗണ്ട് ഗേറ്റ് വഴി പ്രവേശിച്ചുകൊണ്ടിരുന്ന കുട്ടികൾ ഇപ്പോൾ സ്കൂളിന്റെ മുൻവശത്തെ ഗേറ്റുവഴി ചുറ്റിയാണ് കയറുന്നത്. കുഴികളും ചെളിയും കാരണം മഴവെള്ളം കെട്ടിക്കിടന്ന് ചതുപ്പുനിലമായിരിക്കുകയാണ് ഗ്രൗണ്ട്.

പ്രവ‌ൃത്തി സമയങ്ങളിലും ടിപ്പറടക്കമുള്ള വാഹനങ്ങൾ കയറിയിറങ്ങുന്നതിനാൽ സുരക്ഷ കണക്കിലെടുത്ത് കുട്ടികളോട് ഗ്രൗണ്ടിലേക്ക് ഇറങ്ങരുതെന്ന ക‌ർശന നിർദേശം നൽകിയിട്ടുണ്ട്.

ഹെഡ്മിസ്ട്രസ്

സ്കൂൾ തുറന്നതിനുശേഷം ഇതുവരെ ഗ്രൗണ്ട് ഉപയോഗിച്ചിട്ടില്ല.സ്കൂളിന്റെ മുൻവശത്തും മറ്റുമാണ് പി.ടി.ഇ പീരിയഡുകളിൽ കളിക്കുന്നത്.

വിദ്യാർത്ഥിനികൾ

റോഡുപണി ഉടൻ തീരും. ഏകദേശം മെറ്റലുകൾ മാറ്റിക്കഴിഞ്ഞു. അവശേഷിക്കുന്ന മെറ്റലുകൾ എത്രയുംവേഗം മാറ്റി ഗ്രൗണ്ട് പൂർവ സ്ഥിതിയിലാക്കും.

എസ്.കൃഷ്ണകുമാർ, കൗൺസിലർ വലിയശാല