k

തിരുവനന്തപുരം: കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (കെ.എൽ.എഫ്)​ കാഴ്ചപരിമിതർക്കായി ബ്രെയിൽ ലിപിയിലെ പുസ്തകങ്ങൾ ഇല്ലാതിരുന്നത് കോഴിക്കോട് സ്വദേശിയായ പത്താംക്ലാസുകാരി ആയിഷയെ നിരാശയിലാക്കി. സമൂഹത്തിൽ നിന്ന് മാറ്റിനിറുത്തപ്പെടുന്നതിന്റെ വേദന ആയിഷയുടെ അച്ഛൻ ഫേസ് ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചു. ആ പോസ്റ്റാണ് വെഞ്ഞാറമൂട് സ്വദേശിയും കവിയുമായ അനീഷ് സ്‌നേഹയാത്രയുടെ ജീവിതത്തിൽ വഴിത്തിരിവായത്. അനീഷ് ഡിസംബറിൽ പ്രകാശനം ചെയ്ത ആദ്യ കവിതാസമാഹാരമായ 'പിന്നിട്ട വഴികളും വരികളും" ബ്രെയിൽ ലിപിയിലേക്ക് മാറ്റി പ്രസിദ്ധീകരിച്ചു. നാളെ വൈകിട്ട് 3ന് പ്രസ് ക്ലബിൽ എ.എ.റഹീം എം.പി പുസ്തകം പ്രകാശനം ചെയ്യും. സ്‌കൂൾ പുസ്തകങ്ങൾ ബ്രെയിൽ ലിപിയിൽ ഉണ്ടെങ്കിലും സാഹിത്യ രചനകൾ അച്ചടിച്ചിട്ടില്ലെന്ന് അനീഷ് പറയുന്നു.

ഭാര്യ ഡോ. രജിതയോടും സുഹൃത്ത് മഹേഷിനോടുമാണ് ആദ്യം ആശയം അവതരിപ്പിച്ചത്. എറ ബുക്സ് പ്രസിദ്ധീകരിച്ച കവിതാസമാഹാരത്തിൽ 29 കവിതകളാണുള്ളത്. ആയിഷയെ അനീഷ് ഇതുവരെ കണ്ടിട്ടില്ല. കേരള ഫെഡറേഷൻ ഒഫ് ദ ബ്ലൈൻഡിന്റെ സഹകരണത്തോടെ ഒരു മാസമെടുത്താണ് പുസ്തകം അച്ചടിച്ചത്. ആദ്യഘട്ടത്തിൽ 25 പുസ്തകങ്ങൾ അച്ചടിച്ചു. കേരളത്തിലെ നാല് സർക്കാർ ബ്ലൈൻഡ് സ്‌കൂളുകളിലും ഏഴ് എയ്ഡഡ് സ്‌കൂളുകളിലും ആദ്യ ഘട്ടത്തിൽ പുസ്തകം നൽകും. നാളെ നടക്കുന്ന ചടങ്ങിൽ ആയിഷയും പങ്കെടുക്കും. ഡി.കെ.മുരളി എം.എൽ.എ, ഗായിക വൈക്കം വിജയലക്ഷ്മി, ഗായിക അവനി തുടങ്ങിയവരും പങ്കെടുക്കും. കാഴ്ചപരിമിതർക്കായി കൂടുതൽ രചനകൾ നടത്തുമെന്നും അനീഷ് പറയുന്നു.