
തിരുവനന്തപുരം: പത്താംക്ലാസിൽ കൂട്ടുകാർ തമാശയ്ക്ക് വലിച്ചെറിഞ്ഞ ചോക്ക് കഷണമാണ് മുട്ടത്തറ സ്വദേശിയായ അഭിരാമിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കോമ്പസ് കൊണ്ട് ചോക്കിൽ ഹൃദയത്തിന്റെ രൂപം ചെത്തിയെടുത്തു. അദ്ധ്യാപകർ അഭിനന്ദിച്ചതോടെ ആത്മവിശ്വാസമായി. നിലവിൽ ഫൈൻ ആർട്സ് കോളേജിലെ ശില്പകലാ നാലാംവർഷ വിദ്യാർത്ഥി. കഴിഞ്ഞ അഞ്ചുവർഷമായി 200ലേറെ വിദ്യാർത്ഥികളുടെ അദ്ധ്യാപകൻ കൂടിയാണ് ഈ 21കാരൻ. വീട്ടുചെലവിനും പഠനത്തിനും ഇതിലൂടെ പണം കണ്ടെത്തുന്നു. 65 വയസുള്ള വിദ്യാർത്ഥിവരെ അഭിരാമിന് കീഴിൽ ചോക്ക് ആർട്ടും ചിത്രകലയും പഠിക്കാനുണ്ട്.
പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികർ, ഈഫൽ ടവർ, ഒടിയനിലെ മോഹൻലാൽ, ഗിറ്റാർ, ഗണപതി, യേശുക്രിസ്തു... അങ്ങനെ കാണുന്നതെന്തും ചോക്കിൽ നിർമ്മിക്കും. സോപ്പിൽ രൂപങ്ങൾ നിർമ്മിക്കുന്ന അമ്മയുടെ സഹോദരൻ ബിജു പ്രചോദനമായി. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ അമ്മ ബിന്ദുവിനെ സഹായിക്കാനാണ് പഠനത്തോടൊപ്പം അദ്ധ്യാപകനായത്. കളിമണ്ണിലും തടിയിലുമുള്ള ശില്പനിർമ്മാണവും പഠിപ്പിക്കുന്നുണ്ട്. കോളേജിൽ ക്ലാസ് തുടങ്ങുന്നതിന് മുമ്പും ക്ലാസില്ലാത്ത ദിവസങ്ങളിലുമാണ് സ്വകാര്യചിത്രരചനാ അക്കാഡമികളിലെത്തി പഠിപ്പിക്കുന്നത്. ബാങ്ക് മാനേജർ, റിട്ട. സ്കൂൾ അദ്ധ്യാപകർ എന്നിവരടക്കം ശിഷ്യരായുണ്ട്. ഭിന്നശേഷി കുട്ടികളെ വീട്ടിലെത്തി പഠിപ്പിക്കും. പാലോട് ആദിവാസി മേഖലയിലുള്ളവരെയും പഠിപ്പിക്കുന്നുണ്ട്. വിവാഹത്തിനും ജന്മദിനത്തിനും ഇൻസ്റ്രഗ്രാമിൽ ഓർഡർ നൽകുന്നതിനനുസരിച്ച് പേര് ചോക്കിൽ ചെത്തിനൽകും. ഒരു പേര് ചെയ്തെടുത്താൽ 300- 400 രൂപ വരെ ലഭിക്കും.
ചോക്കിൽ കേരളകൗമുദിയും
'കേരളകൗമുദിയുടെ ലോഗോ ചോക്കിൽ ചെയ്തുതരാമോ?" കേൾക്കേണ്ട താമസം. പത്തുമിനിട്ടിനുള്ളിൽ അതും റെഡിയാക്കി. ആദ്യം രൂപം മനസിലാക്കും. പിന്നീട് സൂചിയും തെർമോക്കോൾ കട്ടറും കൊണ്ട് ചെത്തിയെടുക്കും. ഷീറ്റിട്ട പഴയ വീട്ടിലിരുന്നാണ് കരവിരുത്. സഹോദരൻ അനന്ദുവും ചിത്രകാരനാണ്.